kannur local

ദേശീയ പുരസ്‌കാരനേട്ടത്തില്‍ കണ്ണൂര്‍ ജില്ല

കണ്ണൂര്‍:  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ മാപ്പ് മൈ ഹോം കണ്ണൂര്‍, പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ എന്നീ പദ്ധതികള്‍ക്ക് സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ദേശീയ പുരസ്‌കാരം. ദേശീയ തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ മികച്ച പദ്ധതികളില്‍ നിന്നാണ് കണ്ണൂര്‍ ജില്ലയിലെ രണ്ടു പദ്ധതികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലയുടെ കൂട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണിതെന്ന് കലക്ടര്‍ പറഞ്ഞു.
മാപ്പ് മൈ ഹോം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മൂവായിരത്തോളം സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കിയിരുന്നു. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ഓഫിസിന്റെ സ്ഥാനം, ചിത്രം, സ്ഥലം, ഫോണ്‍ നമ്പര്‍, പ്രവൃത്തിസമയം തുടങ്ങിയ വിവരങ്ങളെല്ലാം എളുപ്പത്തില്‍ ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ സവിശേഷത. സ്റ്റേറ്റ് ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എംമിഥുന്‍ കൃഷ്ണയായിരുന്നു ഏകോപനം നിര്‍വഹിച്ചത്. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജില്ലാ ഭരണകൂടം തയ്യാറാക്കിയ വി ആര്‍ കണ്ണൂര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുകയുണ്ടായി.
എന്‍ഐസി രൂപകല്‍പന ചെയ്ത ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ജില്ലയിലെ പ്ലാസ്റ്റിക് കാരിബാഗ്, ഡിസ്‌പോസബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതായിരുന്നു ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കിയ നല്ല മണ്ണ്, നല്ല നാട്-പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക് സഞ്ചികള്‍ വിതരണം ചെയ്യുന്നത് വിലക്കി. മാലിന്യമില്ലാത്ത മംഗല്യം, കലക്ടര്‍ അറ്റ് സ്‌കൂള്‍ തുടങ്ങിയ പദ്ധതികളും നടപ്പാക്കി.
Next Story

RELATED STORIES

Share it