kozhikode local

ദേശീയ പാതാ സ്ഥലമെടുപ്പ്‌ : സമരരംഗത്തുള്ള സംഘടനകളുമായി ചര്‍ച്ച നടത്തണം



വടകര: ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെയും മറ്റും ആശങ്കകള്‍ പരിഹരിക്കാന്‍ സമര സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് താലൂക്ക് വികസന യോഗം ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരുമായി ചര്‍ച്ചകള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ ചൊല്ലി യോഗത്തില്‍ വിമര്‍ശനവും ഉയര്‍ന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ പ്രസവിച്ചു കിടക്കുന്ന സ്ത്രീയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് സര്‍വ്വേ നടത്താന്‍ പോലിസും റവന്യൂ അധികൃതരും ശ്രമിച്ചതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. നിര്‍ദിഷ്ട തലശ്ശേരി-മാഹി ബൈപാസില്‍ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം പോലും ദേശീയ പാത അതോറിറ്റി വെട്ടിച്ചുരുക്കിയ നടപടിയിലും യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നു.അതേസമയം സര്‍വ്വേയുടെ പേരില്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത റവന്യൂ അധികൃതര്‍ പറഞ്ഞു. പ്രശ്‌നത്തിന്റെ ഗൗരവം കലക്ടറെ അറിയിക്കാനും യോഗത്തില്‍ തീരുമാനിച്ചു. വടകര, മുക്കാളി, അഴിയൂര്‍, പുറമേരി എന്നിവിടങ്ങളില്‍ പേപ്പട്ടി കടിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക് പറ്റിയ സാഹചര്യത്തില്‍  ഇതിന് പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം വിളിക്കാനും തീരുമാനമായി. പേപ്പട്ടി കടിയേറ്റവര്‍ക്കായുള്ള സിറം ജില്ലാ ആസ്പത്രിയില്‍ ലഭ്യമാക്കണമെന്നും വികസനയോഗത്തില്‍ ആവശ്യമുയര്‍ന്നു.മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനായി കാര്‍ഡ് ഉടമകള്‍ക്ക് നടത്തുന്ന അദാലത്ത് റേഷന്‍ കടകള്‍ വഴി നടത്തുമെന്ന് യോഗത്തില്‍ പങ്കെടുത്ത് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. ഫുട്പാത്തുകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തില്‍ കച്ചവടം ചെയ്യുന്നത് അനുവദിക്കരുതെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സികെ നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്‌കരന്‍, ആര്‍ ഗോപാലന്‍, പി സുരേഷ് ബാബു, പ്രദീപ് ചോമ്പാല, അഡ്വ. ഇ എം ബാലകൃഷ്ണന്‍, ടി വി ബാലകൃഷ്ണന്‍, ആവോലം രാധാകൃഷ്ണന്‍, ബാബു കളത്തില്‍, പിഎം അശോകന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it