kasaragod local

ദേശീയ പാതാ വികസനം : നാലുവരിയാക്കുന്നതിന് ജില്ലയില്‍ ഏറ്റെടുക്കുന്നത് 101.34 ഹെക്ടര്‍



കാസര്‍കോട്്: ദേശീയ പാത വീതികൂട്ടുന്നതിന് ജില്ലയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ 101.34 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 64.85 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തതായും ജില്ലാ വികസന സമിതി യോഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് സുതാര്യമാക്കണമെന്നും നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ പി കരുണാകരന്‍ എം പി നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. ഏറ്റെടുത്ത ഭൂമിയുടെ വില നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ പുരോഗമിച്ച് വരികയാണ്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സുതാര്യമാക്കുന്നതിന് ജില്ലയിലെ എംപി, എംഎല്‍എ മാര്‍, മറ്റ് ജനപ്രതിനിധികള്‍, ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥന്മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരുടെ യോഗം ജൂണ്‍ എട്ടിന് വിളിച്ച് ചേര്‍ക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ഏറ്റെടുക്കാന്‍ അവശേഷിക്കുന്ന ഭൂമി 35.34 ഹെക്ടര്‍ ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള സര്‍വ്വെ ജോലികള്‍ പുരോഗമിക്കുന്നു. ഏറ്റെടുത്ത് ഭൂമിയില്‍ ഉള്ള കെട്ടിടങ്ങളുടെ വില നിര്‍ണയിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഭൂമിയിലെ വൃക്ഷങ്ങളുടെ വില നിര്‍ണയിക്കുന്നതിനായി കൃഷി-വനം വകുപ്പ് ഉദ്യോഗസ്ഥരെയും  നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ നടപടികള്‍ സുതാര്യമായിരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. മഴയ്ക്ക് മുമ്പ് ജില്ലയിലെ റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപണി നടത്തണമെന്നു യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. പല റോഡുകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാല്‍ കാലവര്‍ഷം ശക്തിപ്രാപിച്ചാല്‍ റോഡുകള്‍ സഞ്ചാര യോഗ്യമല്ലാതായി മാറും. ഓടകള്‍ ഇല്ലാത്തതിനാല്‍ റോഡുകള്‍  മഴക്കാലമാകുന്നതോടെ വെള്ളം കെട്ടിക്കിടന്ന് നശിക്കുകയാണ്. റോഡ് നിര്‍മിക്കുമ്പോള്‍ അനുബന്ധമായി ഓടകളും നിര്‍മ്മിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. അംഗീകാരമില്ലാത്ത 97 വിദ്യാലയങ്ങള്‍ അടച്ച് പൂട്ടുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചു. നോട്ടിസ് നല്‍കിയിട്ടുള്ള വിദ്യാലയങ്ങളിലെ കുട്ടികളെ അംഗീകാരമുള്ള സ്‌കൂളുകളിലോ സര്‍ക്കാര്‍ സ്‌കൂളുകളിലോ ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും യോഗത്തില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ജലചൂഷണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ഗുണഭോക്താക്കള്‍ക്ക് നിര്‍മാണാവശ്യത്തിനുള്ള മണല്‍ ലഭിക്കുന്നില്ലായെന്ന പരാതിയെതുടര്‍ന്ന് മാന്വല്‍ ഡ്രഡ്ജിങ് പുനരാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നതായി പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. സര്‍ക്കാര്‍ പുതിയ മാന്വല്‍ ഡ്രഡ്ജിങ് നയം പ്രഖ്യാപിക്കുകയും നിലവില്‍ ഡ്രഡ്ജിങ് നടത്തി മണല്‍ വിതരണം ചെയ്ത് വരുന്ന സൊസൈറ്റികളുടെ സേവനം അവസാനിപ്പിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഡ്രഡ്ജിങ് നടത്തി മണല്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായും പോര്‍ട്ട്  കണ്‍സര്‍വേറ്റര്‍ അറിയിച്ചു. മണലിന്റെ അടിസ്ഥാനവിലയും  വില്‍പന വിലയും നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം മണല്‍ വിതരണം ചെയ്യുന്നതിന് തുറമുഖ വകുപ്പിന്റെ ഓണ്‍ലൈന്‍ സൈറ്റ് തയ്യാറാക്കണം. കാസര്‍കോട് പാലത്തിന്റെ താഴെയുള്ള മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭയോട് യോഗം ആവശ്യപ്പെട്ടു. മാലിന്യം നീക്കം ചെയ്തില്ലെങ്കില്‍ പാലത്തിന്റെ സമീപ പ്രദേശങ്ങളില്‍ മഴക്കാലത്ത് വെള്ളക്കെട്ടിന് സാധ്യതയുണ്ടെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ബാങ്കുകള്‍ പശു വളര്‍ത്തലിന് നല്‍കുന്ന വായ്പയ്ക്ക് കൂടുതല്‍ പലിശ ഈടാക്കുന്നതായി പരാതിയുണ്ടെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, വൈസ് പ്രസിഡന്റ്് ശാന്തമ്മ ഫിലിപ്പ്, എഡിഎം കെ അംബുജാക്ഷന്‍, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്് എ എ ജലീല്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it