ernakulam local

ദേശീയ പാതയോരത്തെ കാന കുളമായി; അതിഥി മന്ദിരത്തിലെത്തുന്നവര്‍ക്കും ദുര്‍ഗന്ധം

കളമശ്ശേരി: ദേശീയപാത കളമശ്ശേരിയിലെ പത്തടിപ്പാലത്തിനു സമീപം സര്‍ക്കാര്‍ അതിഥിമന്ദിരത്തിനോടു ചേര്‍ന്നുള്ള കാന മാലിന്യങ്ങള്‍ നിറഞ്ഞും ഒഴുക്കും നിലച്ചും കുളമായി. സമീപത്തെ പൊതുമരാമത്തിന്റെ അതിഥി മന്ദിരത്തിലെത്തുന്നവര്‍ക്ക് കാനയില്‍ നിന്നുള്ള ദുര്‍ഗന്ധം ദുരിതമാവുകയാണ്. കൂടാതെ പൊതുമരാമത്തിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഓഫിസുകളിലെ ജീവനക്കാര്‍ക്കും ദുര്‍ഗന്ധം ദുസ്സഹമാവുകയാണ്.
സമീപ പ്രദേശങ്ങളില്‍നിന്നും കാനകള്‍ വഴി ഒഴുകിയെത്തുന്ന മലിനജലം അതിഥിമന്ദിരത്തിനു സമീപം കെട്ടിക്കിടക്കുന്നു. കാനയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ കാന ശുചിയാക്കാനോ നഗരസഭ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വര്‍ഷകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വര്‍ഷകാല ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.
ശുചീകരണ പ്രവര്‍ത്തനത്തിനുവേണ്ട ശുചിത്വമിഷന്റെ ഫണ്ട് എത്താത്തതാണ് ശുചീകരണപ്രവര്‍ത്തനം വൈകുന്നതെന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍ മുന്‍കാലങ്ങളില്‍ വര്‍ഷകാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശുചിത്വമിഷന്റെ ഫണ്ട് കാത്തുനില്‍ക്കാതെ നഗരസഭയുടെ തനതു ഫണ്ട് ഉപയോഗിച്ച് വര്‍ഷകാല ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.
നഗരസഭാ പ്രദേശത്ത് കാനകളും പ്രധാന തോടുകളും മണ്ണുനിറഞ്ഞ് വെള്ളം ഒഴുകിപ്പോവാന്‍ പറ്റാത്ത അവസ്ഥയിലാണ്. കഴിഞ്ഞദിവസം പെയ്ത വേനല്‍മഴയില്‍ കാനയിലൂടെ വെള്ളം ഒഴുകിപോവാത്തതിനെത്തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ട് ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it