Flash News

ദേശീയ പാതയോരങ്ങളില്‍ കശുമാവു കൃഷിക്ക് ശുപാര്‍ശ ; 10 ലക്ഷം ടണ്‍ തോട്ടണ്ടി ഉല്‍പാദിപ്പിക്കാനാവുമെന്ന് പ്രതീക്ഷ



കൊല്ലം: തോട്ടണ്ടി ഉല്‍പാദനത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിനായി ദേശീയപാതയോരങ്ങളില്‍ കശുമാവ് ഹരിതമേഖല സൃഷ്ടിക്കാന്‍ കശുവണ്ടി കയറ്റുമതി വികസന കൗണ്‍സില്‍ ദേശീയപാത അതോറിറ്റിയോട് ശുപാര്‍ശ ചെയ്തു. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുന്ന അത്യുല്‍പാദന ശേഷിയുള്ള കശുമാവിന്‍തൈകള്‍ ദേശീയപാതയുടെ ഇരുവശങ്ങളിലും നട്ടുപിടിപ്പിക്കാനാണ് പ്രപ്പോസല്‍ നല്‍കിയിട്ടുള്ളത്. ദേശീയപാതയോരങ്ങളിലെ കശുമാവുകൃഷിയില്‍ നിന്ന് പത്തു ലക്ഷം ടണ്‍ തോട്ടണ്ടി ഉല്‍പാദിപ്പിക്കാനാവുമെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി വ്യാപിപ്പിക്കുന്നതോടൊപ്പം മെച്ചപ്പെട്ട വിളവ് നല്‍കാന്‍ കഴിയുന്ന അത്യുല്‍പാദനശേഷിയുള്ള കശുമാവിന്‍തൈകള്‍ നട്ടുവളര്‍ത്താനും ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ വ്യവസായത്തിനു 17 ലക്ഷം ടണ്‍ തോട്ടണ്ടി ആവശ്യമുണ്ടെങ്കിലും ആറു ലക്ഷം ടണ്‍ മാത്രമാണ് ആഭ്യന്തര ഉല്‍പാദനം. ഉല്‍പാദന ചെലവ് കുറച്ചുകൊണ്ടും യന്ത്രവല്‍ക്കരണം ഊര്‍ജിതപ്പെടുത്തിയും ഉല്‍പാദനം വര്‍ധിപ്പിക്കുന്ന വിയറ്റ്‌നാം പോലുള്ള രാജ്യങ്ങള്‍ വ്യവസായത്തില്‍ മേല്‍ക്കൈ നേടുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് കശുമാവുകൃഷി വ്യാപിപ്പിക്കാനുള്ള നടപടികള്‍ക്ക് സിഇപിസിഐ തുടക്കം കുറിച്ചിട്ടുള്ളത്. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിച്ചതിനു പുറമേ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള തോട്ടണ്ടി പര്‍ച്ചേസ് ചെയ്ത് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് വിയറ്റ്‌നാമും മറ്റും. ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റ് ഉല്‍പാദിപ്പിക്കുന്ന തോട്ടണ്ടിയുടെ 75 ശതമാനവും വിയറ്റ്‌നാമാണ് വാങ്ങുന്നതെന്ന് സിഇപിസിഐ വൈസ് ചെയര്‍മാന്‍ ഡോ. ആര്‍ കെ ഭൂദേഷ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it