Idukki local

ദേശീയ പാതയില്‍ കുട്ടിക്കാനത്തും മുറിഞ്ഞപുഴയിലും അപകടങ്ങള്‍



പീരുമേട്: കുട്ടിക്കാനത്തും മുറിഞ്ഞപുഴയിലും വാഹനാപകടങ്ങളെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കുട്ടിക്കാനത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാല് പേര്‍ക്ക് പരുക്കേറ്റു. കോട്ടയത്ത് നിന്നും എലപ്പാറക്ക് പോവുകയായിരുന്ന ബസും മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഐ.എച്.ആര്‍.ഡി. കോളജിനു സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ എറണാകുളം സ്വദേശികളായ കാര്‍ യാത്രക്കാരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രിക പശുപ്പാറ സ്വദേശി സിന്ധു (33) പീരുമേട് താലുക്ക് ആശുപത്രിയില്‍ ചികത്സ തേടി. ദേശീയ പാത 183 ല്‍ മുറിഞ്ഞപുഴയ്ക്കു സമീപം  ലോറിയും കാറും കൂട്ടിയിടിച്ചു അപകടമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് റോഡിനു ഒരു വശത്ത് കൂടി മാത്രമായിരുന്നു ഗതാഗതം സാധ്യമായിരുന്നത്. ഈ സമയത്ത് മുണ്ടക്കയം ഭാഗത്ത് നിന്നും ഇതിലെ കടന്നു വന്ന ഒരു കാര്‍ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. കൊടും വളവിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരു കാറുകളുടെയും  മുന്‍ വശത്തെ ടയറുകള്‍ തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റാനാവാതെ വന്നു. ഇതോടെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ഞായറാഴ്ച മൂന്നരയോടെയാണ് രണ്ടാമത്തെ അപകടമുണ്ടായത്. രണ്ടു മണിക്കൂറുകള്‍ക്കു ശേഷമാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാനായത്. യാത്രികര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു.
Next Story

RELATED STORIES

Share it