kannur local

ദേശീയ നിയമ അദാലത്ത്: തലശ്ശേരിയില്‍ 236 കേസുകള്‍ തീര്‍പ്പായി

തലശ്ശേരി: ദേശീയ നിയമ അദാലത്തിന്റെ ഭാഗമായി തലശ്ശേരി കോടതിയില്‍ നടന്ന അദാലത്തില്‍ വിവിധ കേസുകളില്‍ 236 എണ്ണം തീര്‍പ്പുകല്‍പിച്ചു. ഇതില്‍ 2,39, 86203 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീര്‍പ്പായി. ഇലക്ട്രിസിറ്റി നഷ്ടപരിഹാരത്തിനായി പരിഗണിച്ച 18 കേസുകളിലായി 12,84000 രൂപയും എംഎസിടിയില്‍ പരിഗണിക്കപ്പെട്ട 81 കേസുകളിലായി 1,22,92,735 രൂപയും ചെക്ക് കേസുകളിലായി പരിഗണിക്കപ്പെട്ട 20 കേസുകളില്‍ 11,39,500 രൂപയ്ക്കുമാണ് തീര്‍പ്പുകല്‍പിച്ചത്. മോട്ടോര്‍ ആക്‌സിഡന്റ് കേസുകളിലാണ് ഏറ്റവും കൂടുതല്‍ തുക തീര്‍പ്പായത്. ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന നിയമ സേവന അതോറിറ്റികളുടെ മേല്‍നോട്ടത്തില്‍ കോടതികളില്‍ നടന്ന അദാലത്തില്‍ നിരവധി കേസുകള്‍ തീര്‍പ്പാക്കി. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം കോടതികള്‍ക്ക് സമീപം ലോക് അദാലത്തുകള്‍ നടത്തിയത്.കണ്ണൂര്‍ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ കോടതികളുടെ പരിസരത്ത് നടന്ന അദാലാത്തില്‍ 8189 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കോടതികളില്‍ നിലവിലുളള സിവില്‍, ക്രിമിനല്‍ കേസുകള്‍ക്കു പുറമെ ഇന്‍ഷൂറന്‍സ്, ബാങ്ക്, തൊഴില്‍ തര്‍ക്കങ്ങള്‍, വസ്തു രജിസ്‌ട്രേഷന്‍, ഇലക്ട്രിസിറ്റി എന്നിവ സംബന്ധിച്ച കേസുകളും ലീഗല്‍ സര്‍വീസ് അതോറിറ്റി മുമ്പാകെ ഫയല്‍ ചെയ്ത ടെലഫോണ്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, കുടുംബ സംബന്ധമായ തര്‍ക്കങ്ങള്‍ മുതലായ പരാതികളും അദാലത്തില്‍ പരിഹരിച്ചു. തലശ്ശേരിയില്‍ 18 ബൂത്തുകളും, കൂത്തുപറമ്പ്, കണ്ണൂര്‍ കോടതികളില്‍ 6ഉം, തളിപ്പറമ്പ്, പയ്യന്നൂര്‍ കോടതികളില്‍ 4 ഉം ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ ആര്‍ രഘു, തലശ്ശേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ കെ ബൈജുനാഥ്, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ടി പ്രകാശ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് ആര്‍ എല്‍ ബൈജു എന്നിവര്‍ തലശ്ശേരി കോടതിക്കു സമീപം കേസുകള്‍ പരിഗണിച്ചു. ബാര്‍ അസോസിയേഷന്‍  അധ്യക്ഷന്‍ സരേഷ് കുമാര്‍, സെക്രട്ടറി അജിത്ത് കുമാര്‍, ജില്ലാ ഗവ. പ്ലീഡര്‍ ബി പി ശശീന്ദ്രന്‍, പബ്ലിക് പ്രോസിക്യുട്ടര്‍ രാജേന്ദ്രന്‍, ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് രവി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it