ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ റിപോര്‍ട്ട് നല്‍കും: മന്ത്രിസഭാ ഉപസമിതി

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള റിപോര്‍ട്ട് അടുത്ത മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍, വി എസ് ശിവകുമാര്‍ എന്നിവരടങ്ങിയ മന്ത്രിസഭ ഉപസമിതി കഴിഞ്ഞദിവസം സംഭവസ്ഥലം സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി.

അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കിയതെന്നും കുടിവെള്ളമടക്കം അടിയന്തര സഹായങ്ങളെല്ലാം ലഭ്യമാക്കാനായെന്നും ഉപസമിതി അംഗങ്ങള്‍ പറഞ്ഞു. അടുത്ത ഘട്ടമായാണ് നാശനഷ്ടത്തിന്റെ കണക്കെടുപ്പ് തുടരുന്നത്. ഇതുവഴി ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാവും. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപോര്‍ട്ടാവും ഉപസമിതി കൈമാറുക.
വീടുകള്‍ക്കു പറ്റിയ കേടുപാടു നേരിട്ട് വിലയിരുത്തിയ ശേഷം സമിതി നാട്ടുകാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന്, തദ്ദേശ ഭരണ സ്ഥാപന മേധാവികളില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും വിവരശേഖരണം നടത്തി. പരവൂര്‍ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ജനപ്രതിനിധികളുമായും ആശയ വിനിമയം നടത്തി. പോലിസടക്കം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വിലയിരുത്തലും സമിതി പരിശോധിച്ചു. ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ സമിതി മുമ്പാകെ അപകടം സംബന്ധിച്ച റിപോര്‍ട്ടും ദുരന്ത ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. ഇവയെല്ലാം പരിഗണിച്ചുള്ള സമഗ്ര റിപോര്‍ട്ടാവും മന്ത്രിസഭാ ഉപസമിതി സമര്‍പ്പിക്കുക.
പ്രാഥമിക വിവരമനുസരിച്ച് 242 വീടുകളുടെ കേടുപാട് സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വീടുകള്‍ക്ക് പ്രശ്‌നങ്ങളുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. മാലിന്യം അതിവേഗം നീക്കം ചെയ്യണമെന്ന് ഉപസമിതിക്കൊപ്പം സ്ഥലത്തെത്തിയ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ ജഗദമ്മ, പരവൂര്‍ മുനിസിപ്പല്‍ അധ്യക്ഷന്‍ കെ പി കുറുപ്പ്, ജനപ്രതിനിധികള്‍, പോലിസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉപസമിതിയുടെ സിറ്റിങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it