ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ജയലളിത

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയോടാവശ്യപ്പെട്ടു. പ്രളയബാധിതരുടെ ഭവന-വാഹന വായ്പകള്‍ക്ക് മൊറട്ടോറിയമടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ അവര്‍ ആവശ്യപ്പെട്ടു. താഴ്ന്ന-ഇടത്തരം വരുമാനക്കാര്‍ക്കാണ് പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടത്. മിക്ക ജില്ലകളിലും നാലു തവണയെങ്കിലും വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. പ്രളയബാധിതരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം നല്‍കുകയും ഇന്‍ഷൂറന്‍സ് തുക വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. ജയലളിത ആവശ്യപ്പെട്ടു.
നിരവധി കുടുംബങ്ങള്‍ക്ക് വാഹനങ്ങളും ഫര്‍ണിച്ചറും ഫ്രിഡ്ജുമടക്കമുള്ള ഗൃഹോപകരണങ്ങളും നഷ്ടമായി. പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാക്ഷ്യപത്രമനുസരിച്ച് ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ പ്രത്യേക വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണം. അടുത്ത മാര്‍ച്ച് 31വരെ ഗാര്‍ഹിക വൈദ്യുതി ഉപകരണങ്ങള്‍ക്ക് എക്‌സൈസ് തീരുവ ഒഴിവാക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നവംബര്‍ 23ന് നല്‍കിയ നിവേദനത്തിനു പുറമെ ഏറ്റവും ഒടുവിലത്തെ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തി കേന്ദ്രത്തിന് പുതിയ നിവേദനം സമര്‍പ്പിക്കുമെന്നും ജയലളിത അറിയിച്ചു.
Next Story

RELATED STORIES

Share it