Flash News

ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് : ഭോപാലില്‍ കിരീടം ഉറപ്പിച്ച് കൗമാരകേരളം



ഭോപാല്‍: ദേശീയ ജൂനിയര്‍ സ്‌കൂള്‍ കായികമേളയില്‍  കേരളം കിരീടത്തോടടുക്കുന്നു. ഭോപ്പാലില്‍ നാലാം ദിനം മൂന്നു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും നേടിയാണ് കേരളത്തിന്റെ കൗമാരതാരങ്ങള്‍  കിരീടം ഉറപ്പാക്കിയത്. എട്ടു സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവുമടക്കം 68 പോയിന്റുമായാണ് കേരളം ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. 31 പോയിന്റുള്ള തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. 22 പോയിന്റുമായി ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനത്തുണ്ട്. ഇന്നലെ 4-100 മീറ്റര്‍ റിലേയില്‍ ആണ്‍പെണ്‍ ടീമുകളും പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്രാ ബാബുവുമാണ് കേരളത്തിന്റെ സുവര്‍ണ താരകങ്ങള്‍. സാന്ദ്രയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയ പി.എസ്. പ്രഭാവതിയും പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ സാന്ദ്രാ സുരേന്ദ്രനും ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഖില്‍ ബാബുവുമാണ് വെള്ളി ജേതാക്കള്‍. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അന്ന മാത്യു തോമസിലൂടെയാണ് കേരളം ഒരു വെങ്കലമെഡല്‍ സ്വന്തമാക്കിയത്.—ഇന്നലെ നാല് റെക്കോഡുകളാണ് പിറന്നത്.  4100 മീറ്റര്‍ റിലേയില്‍ ആണ്‍പെണ്‍ വിഭാഗത്തിലും എതിരില്ലാതെ കേരളം റെക്കോഡ് സ്വര്‍ണം സ്വന്തമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യ മൂന്നു സ്ഥാനക്കാരും നിലവിലെ റെക്കോഡ് സമയം ഭേദിച്ചാണ് ഫിനിഷ് ചെയ്തത്. 42.86 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് എസ്. പ്രണവ്, അഖില്‍ ബാബു, എ.സി. അരുണ്‍, സി. അഭിനവ് എന്നിവരടങ്ങുന്ന കേരളാ ടീം റെക്കോഡ് സ്വര്‍ണമണിഞ്ഞത്.  പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.ഡി. അഞ്ജലി, അനു ജോസഫ്, ആന്‍ റോസ് ടോമി, ആന്‍സി സോജന്‍ എന്നിവരടങ്ങുന്ന ടീം 48.05 സെക്കന്‍ഡിലാണ് റെക്കോഡ് സ്വര്‍ണം കരസ്ഥമാക്കിയത്. 2015ല്‍ കേരളത്തെ പിറകിലാക്കി മഹാരാഷ്ട്ര സ്വര്‍ണമണിഞ്ഞ 48.40 സെക്കന്‍ഡ് എന്ന റെക്കോഡാണ് കേരളം ഇക്കുറി തകര്‍രത്ത്. തമിഴ്‌നാട് 48.66 സെക്കന്‍ഡില്‍ രണ്ടാമതായപ്പോള്‍ മഹാരാഷ്ട്ര ഇത്തവണ 49.22 സെക്കന്‍ഡില്‍ വെങ്കലത്തിലൊതുങ്ങി. ഇന്നലെ പിറന്ന മറ്റു രണ്ടു റെക്കോഡുകള്‍ ആണ്‍കുട്ടികളുടെ അഞ്ചു കിമീ. നടത്തത്തിലും പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ്.മൂന്നാം ദിനം പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ റെക്കോഡ് മറികടന്ന പ്രകടനം കാഴ്ചവച്ചിട്ടും സ്വര്‍ണം നഷ്ടമായ സാന്ദ്രാ ബാബു ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണമണിഞ്ഞു നിരാശ മായ്ച്ചു. ഇന്നലെ ഉച്ചയ്ക്കു നടന്ന ഫൈനലില്‍ സ്വര്‍ണവും വെള്ളിയും കേരളം സ്വന്തമാക്കി. 12.41 മീറ്റര്‍ ചാടിയാണ് സാന്ദ്ര സ്വര്‍ണമണിഞ്ഞത്. തൊട്ടുപിന്നില്‍ കേരളത്തിന്റെ തന്നെ പിഎസ് പ്രഭാവതി വെള്ളി നേടിയപ്പോള്‍ തമിഴ്‌നാടിന്റെ ജെ കൊളീഷ്യയ്ക്കാണ് വെങ്കലം.
Next Story

RELATED STORIES

Share it