ernakulam local

ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ്: കിരീടം ലക്ഷ്യമിട്ട് കേരളം റാഞ്ചിയിലേക്ക് പറന്നു

കൊച്ചി: ആശങ്കകള്‍ക്ക് വിരാമമിട്ട് ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റിനുള്ള കേരള ടീമിന്റെ ആദ്യ സംഘം റാഞ്ചിയിലേക്ക് പറന്നു. ഇന്നലെ രാത്രിയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് 27 താരങ്ങളും രണ്ടു പരിശീലകരും അടങ്ങുന്ന ആദ്യ സംഘം യാത്രയായത്.
പല കായിക താരങ്ങളുടെയും ആദ്യ വിമാന യാത്രയായിരുന്നു ഇന്നലെ. അതിനാല്‍ ഏറെ സന്തോഷത്തിലായിരുന്നു താരങ്ങളെല്ലാം. സംഘത്തെ യാത്രയയക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നെടുമ്പാശേരിയിലെത്തിയിരുന്നു. റാഞ്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസില്ലാത്തതിനാല്‍ ഡല്‍ഹിയില്‍ എത്തിയതിനുശേഷം അവിടെ നിന്ന് മറ്റൊരു ഫ്‌ളൈറ്റില്‍ റാഞ്ചിയിലേക്ക് പോവും. ടീമിലെ മറ്റ് അംഗങ്ങള്‍ ഇന്നു മൂന്നു ഫ്‌ളൈറ്റുകളിലായി യാത്ര തിരിക്കും. 22 മുതല്‍ 25 വരെയാണ് റാഞ്ചി ബിര്‍സമുണ്ട സ്റ്റേഡിയത്തില്‍ ജൂനിയര്‍ മീറ്റ് നടക്കുന്നത്. 97 താരങ്ങളും എട്ടു ഒഫീഷ്യല്‍സുമടക്കം ആകെ 104 പേരാണ് ടീമിലുള്ളത്.
തമിഴ്‌നാട്ടിലും ആന്ധ്രയിലും തുടരുന്ന കനത്ത വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ടീമിന്റെ യാത്ര നിശ്ചയിച്ചിരുന്ന ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിന്‍ റദ്ദാക്കിയിരുന്നു. ഇതോടെയാണ് കേരളത്തിന്റെ യാത്ര അവതാളത്തിലായത്. റാഞ്ചിയിലേക്ക് കേരളത്തില്‍ നിന്നുള്ള ഏക ട്രെയിനായിരുന്നു ഇത്. വര്‍ഷങ്ങളായി ചാംപ്യന്‍പട്ടം നേടുന്ന ടീമിന്റെ ദുരവസ്ഥ മനസ്സിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ ടീമിന് വിമാന യാത്ര സൗകര്യമൊരുക്കുകയായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ മീറ്റില്‍ പങ്കെടുക്കുന്ന ഏതെങ്കിലും ഒരു ടീമിനെ വിമാനത്തിലയയ്ക്കുന്നത്. അതേസമയം ജില്ലാ സ്‌കൂള്‍ കായിക മേളകള്‍ ലക്ഷ്യമിട്ട് പ്രമുഖ സ്‌കൂളുകള്‍ താരങ്ങളെ ഏറെ പ്രധാന്യമുള്ള ജൂനിയര്‍ മീറ്റിന് അയക്കാത്തത് കേരളത്തിന്റെ കിരീട നേട്ടത്തെ ബാധിക്കും. കഴിഞ്ഞ വര്‍ഷം കിരീടം നേടി കേരളം ഹാട്രിക് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ 30 ചാംപ്യന്‍ഷിപ്പുകളില്‍ ഇരുപത് തവണയും കേരളത്തിനായിരുന്നു കിരീടനേട്ടം.
നേരത്തെ 172 താരങ്ങള—ടങ്ങിയ സംഘത്തെയാണ് കേരള അത്‌ലറ്റിക് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ജില്ലാ കായിക മേളകളെ ബാധിക്കുമെന്ന കാരണത്താല്‍ എഴുപതോളം അത്‌ലറ്റുകള്‍ അവസാന നിമിഷം പിന്‍മാറി. 53 ആണ്‍കുട്ടികളും 43 പെണ്‍കുട്ടികളുമാണ് നിലവിലെ സംഘത്തിലുള്ളത്.
Next Story

RELATED STORIES

Share it