ദേശീയ ജലപാത: 228.60 കോടി ചെലവഴിച്ചിട്ടും ലക്ഷ്യംകണ്ടില്ല

തിരുവനന്തപുരം: ദേശീയ ജലപാതയ്ക്കായി സംസ്ഥാനത്ത് 228.60 കോടി രൂപ ചെലവഴിച്ചെങ്കിലും പദ്ധതി ഫലം കണ്ടില്ലെന്നു കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ട്. 1994-95 മുതല്‍ 2014-15 വരെ ഭാരതീയ ഉള്‍നാടന്‍ ദേശീയ ജലപാത അതോറിറ്റിയാണ് തുക ചെലവഴിച്ചത്. എന്നാല്‍, ഇപ്പോള്‍ വെറും 37 കിലോമീറ്റര്‍ മാത്രമാണു ചരക്കുഗതാഗതത്തിന് ഉപയോഗിക്കുന്നത്. ശേഷിക്കുന്ന 168 കിലോമീറ്റര്‍ ഉപയോഗശൂന്യമാണ്.
കൊല്ലം മുതല്‍ കോട്ടപ്പുറം വരെ ചരക്കുഗതാഗതം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തതും ജലഗതാഗതത്തെ ബാധിക്കുന്ന മല്‍സ്യബന്ധനവലകള്‍ നീക്കംചെയ്യാത്തതുമാണ് ഇതിനു കാരണം. തടസ്സമില്ലാത്ത ഭൂമി ലഭ്യമാവാത്തതുകൊണ്ടും ജലപാതകളില്‍ അനധികൃത കൈയേറ്റമുള്ളതിനാലും 421. 33 കിലോമീറ്ററില്‍ 114.76 കി.മീ മാത്രമേ നവീകരണ പ്രവൃത്തികള്‍ സാധ്യമായുള്ളൂ. അതിനാല്‍, സംസ്ഥാന ജലപാതയുടെ വികസനവും അഭിവൃദ്ധിയും മോശമായെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
മനുഷ്യനിര്‍മിത കനാലുകളില്‍ അധികമായി അടിഞ്ഞ എക്കല്‍മണ്ണ് നീക്കം ചെയ്യാതിരുന്നത് ജലപാതകളിലൂടെയുള്ള തുടര്‍ച്ചയായ ഗതാഗതയോഗ്യത തടസ്സപ്പെടുത്തി. പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിച്ച 17 പോഷക കനാല്‍ ജോലികളില്‍ ഒന്നുപോലും ജലസേചനവകുപ്പ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരുന്നില്ല. കൂടാതെ, 6.95 കോടി ചെലവഴിച്ച് അഭിവൃദ്ധിപ്പെടുത്തിയ ഏഴു പോഷക കനാലുകളും തുടര്‍ന്നുള്ള സംരക്ഷണമില്ലാത്തതിനാല്‍ ഉപയോഗ ശൂന്യമായിത്തീര്‍ന്നു.
വികസനമില്ലായ്മയ്ക്കു കാരണം ഏജന്‍സികളുടെയും വകുപ്പുകളുടെയും ബാഹുല്യവും അവര്‍ക്കിടയിലെ ഏകോപനമില്ലായ്മയുമാണ്. നിലവിലുള്ള ബോട്ടുകളുടെ കേടുപാടുകള്‍ തീര്‍ത്തിരുന്നെങ്കില്‍ 7.93 കോടി ചെലവഴിച്ച് 18 സ്റ്റീല്‍ ബോട്ടുകള്‍ വാങ്ങിയത് ഒഴിവാക്കാമായിരുന്നു. ഗതാഗതചാലുകളുടെ സുരക്ഷിതത്വം നിശ്ചയിക്കാന്‍ ആരെയും അധികാരപ്പെടുത്തുന്ന ഒരു വ്യവസ്ഥയും നിലവിലില്ല. എസ്ഡബ്ല്യുടിഡി ബോട്ട് ഓടിക്കുന്ന ജലപാതകളില്‍ 50 ശതമാനത്തിലധികവും ജലസേചനവകുപ്പ് ആഴം കൂട്ടാത്തതിനാല്‍ സുരക്ഷിതമല്ലെന്നും സിഎജി റിപോട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it