ദേശീയ ജലപാത; ചരക്ക് ഗതാഗതത്തിന് 1.5 കോടി: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാത കമ്മീഷന്‍ ചെയ്ത് ചരക്കു ഗതാഗതം ഉടന്‍ ആരംഭിക്കുന്നതിന് 1.5 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉദ്യോഗമണ്ഡലിലും ചവറയിലും സ്ഥിരം ബര്‍ത്തും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനാണ് തുക അനുവദിക്കുക. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം കോവില്‍ തോട്ടം പാലം നിര്‍മിക്കുന്നതിന് കെഎംഎംഎല്‍ വിഹിതമായ 50 ശതമാനം തുക തല്‍ക്കാലം സര്‍ക്കാരില്‍ നിന്നു നല്‍കും. കെഎംഎംഎല്ലിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാവുന്ന മുറയ്ക്ക് ഈ തുക സര്‍ക്കാരിലേക്ക് ഈടാക്കും. 2015ലെ നാല് ഓഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാനും ഒരു ഓഡിനന്‍സ് വിളംബരം ചെയ്യാനും ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. 2015ലെ കേരള ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ് ഓഡിനന്‍സ്, 2015ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓഡിനന്‍സ്, 2015ലെ കേരള അങ്കണവാടി വര്‍ക്കര്‍മാരുടെയും അങ്കണവാടി ഹെല്‍പര്‍മാരുടെയും ക്ഷേമനിധി ഓഡിനന്‍സ്, 2015ലെ കേരള ഭൂനികുതി (ഭേദഗതി) ഓഡിനന്‍സ് എന്നിവയാണ് പുനര്‍വിളംബരം ചെയ്യുക. 2015ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ഓഡിനന്‍സാണ് വിളംബരം ചെയ്യാന്‍ ശുപാര്‍ശ ചെയ്യുക.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുണ്ടാവുന്ന അതിക്രമങ്ങള്‍ തടയാന്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ പഞ്ചായത്ത് രാജ് മൂന്നാം ഭേദഗതി ബില്ല് വ്യവസ്ഥ ചെയ്യുന്നു.
ജാഗ്രതാ സമിതി യോഗങ്ങള്‍ എല്ലാ മാസവും കുറഞ്ഞത് ഒരു തവണയെങ്കിലും ചേരണം. ഗ്രാമസഭ ചേരുന്നതിനു മുമ്പായി ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പോഷകാഹാരം, പൊതുജനാരോഗ്യം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വൃദ്ധജന സംരക്ഷണം, ഭിന്നശേഷിയുള്ളവരുടെ പരിപാലനം എന്നിവ ചര്‍ച്ച ചെയ്യുന്നതിന് പ്രതേ്യക യോഗങ്ങള്‍ ചേരണമെന്നും വ്യവസ്ഥ ചെയ്യുന്നു.
Next Story

RELATED STORIES

Share it