ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി; തീരുമാനം ഉടന്‍

തിരുവനന്തപുരം: കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരള താരങ്ങള്‍ക്ക് ജോലി നല്‍കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദേശീയ ഗെയിംസില്‍ ഉള്‍പ്പടെ മികച്ച പ്രകടനം കാഴ്ചവച്ച അന്താരാഷ്ട്ര കനോയിങ് ആന്റ് കയാക്കിങ് താരം ബെറ്റി ജോസഫിനു ജോലിനല്‍കുന്ന കാര്യത്തിലും അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാവും.

2014ലെ ജി വി രാജ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായിക താരങ്ങള്‍ക്കു പ്രഖ്യാപിക്കുന്ന ജോലി അതതു വര്‍ഷംതന്നെ നല്‍കാന്‍ ശ്രമിക്കും. കായികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരമാവധി പ്രോല്‍സാഹനം നല്‍കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കായികരംഗത്ത് മികച്ച സംഭാവന നല്‍കിയവര്‍ക്കും കായികരംഗത്തെ മാധ്യമ പ്രവര്‍ത്തനത്തിനുമുള്ള ജി വി രാജ പുരസ്‌കാരങ്ങള്‍ അദ്ദേഹം സമ്മാനിച്ചു.

ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷും അന്താരാഷ്ട്ര കനോയിങ് ആന്റ് കയാക്കിങ് താരം ബെറ്റി ജോസഫും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഒളിംപ്യന്‍ സുരേഷ്ബാബു മെമ്മോറിയല്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അത്‌ലറ്റിക്‌സ് പരിശീലകന്‍ ഒ എം നമ്പ്യാരും മികച്ച കായിക പരിശീലകനുള്ള അവാര്‍ഡ് ബോക്‌സിങ് പരിശീലകന്‍ ഡി ചന്ദ്രലാലും ഏറ്റുവാങ്ങി. ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവും മുന്‍ അന്തര്‍ദേശീയ വോളിബോള്‍ താരവുമായ ടി പി പത്മനാഭന്‍ നായരെ ചടങ്ങില്‍ ആദരിച്ചു. കോളജ് വിഭാഗം മികച്ച കായികാധ്യാപകനുള്ള പുരസ്‌കാരം തങ്കച്ചന്‍ മാത്യു (പാലാ അല്‍ഫോന്‍സാ കോളജ്), സ്‌കൂള്‍ വിഭാഗം മികച്ച കായികാധ്യാപികയ്ക്കുള്ള പുരസ്‌കാരം ഷിബി മാത്യു (കോതമംഗലം മാര്‍ ബേസില്‍) ഏറ്റുവാങ്ങി.

കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജേക്കബ് പുന്നൂസ്, ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി പി എ ഹംസ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി ഡോ. ബിനു ജോര്‍ജ് വര്‍ഗീസ പങ്കെടുത്തു.
Next Story

RELATED STORIES

Share it