ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേടെന്ന് സിഎജി റിപോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ നടന്ന 35ാമത് ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ട്. സ്‌റ്റേഡിയത്തിന്റെ നിര്‍മാണം മുതല്‍ ഗെയിംസിന്റെ വാട്ടര്‍ ബോട്ടില്‍ വാങ്ങിയതില്‍ വരെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിഎജി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഗെയിംസിന്റെ ഭാഗമായുളള ടെണ്ടര്‍ നടപടികളും കരാറുകളും പരിശോധിച്ച സിഎജി ഇതിന്റെ കണക്കുകളും പരിശോധിച്ചു. വിവിധ വേദികളിലേക്കായി നാനൂറോളം എയര്‍കണ്ടീഷന്‍ യൂനിറ്റുകള്‍ വാടകയ്ക്ക് എടുക്കുകയും നൂറുകണക്കിന് യൂനിറ്റുകള്‍ വാങ്ങുകയും ചെയ്‌തെങ്കിലും ഗെയിംസ് കഴിഞ്ഞതോടെ വാങ്ങിയ എസികള്‍ കാണാതായിരുന്നു. എസി വാങ്ങുന്നതിനു പകരം വാടകയ്ക്ക് എടുത്തിരുന്നുവെങ്കില്‍ കോടികള്‍ ലാഭിക്കാമായിരുന്നുവെന്നാണ് സിഎജി കണ്ടെത്തല്‍. വാങ്ങിയ എസികളില്‍ ചിലത് ദേശീയ ഗെയിംസിന് വേദിയല്ലാത്ത സ്‌റ്റേഡിയങ്ങളിലും ഘടിപ്പിച്ചിരുന്നു.
റണ്‍ കേരള റണ്ണിന്റെ നടത്തിപ്പിലൂടെ 10 കോടി നഷ്ടമുണ്ടായെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഞ്ഞൂറോളം വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്നെങ്കിലും ഇവ എങ്ങോട്ടെല്ലാം ഓടി, ആരൊക്കെ ഉപയോഗിച്ചു എന്നതിന് കൃത്യമായ രേഖകളില്ല. വാഹനങ്ങള്‍ എങ്ങോട്ടൊക്കെ ഓടുന്നുവെന്നറിയാന്‍ പ്രത്യേകം പണം മുടക്കി ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം ഏര്‍പ്പെടുത്തിയെങ്കിലും ഇതിന്റെ കാര്യക്ഷമമായ ഉപയോഗം നടന്നിട്ടില്ലെന്നും സിഎജി കണ്ടെത്തി. ദേശീയ ഗെയിംസില്‍ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്ന സര്‍ക്കാര്‍ വാദം പൊളിക്കുന്നതാണ് റിപോര്‍ട്ട്. യാതൊരു ഏകോപനവുമില്ലാത്ത ദേശീയ ഗെയിംസാണ് കേരളത്തില്‍ നടന്നതെന്ന് റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
എന്നാല്‍, ഇന്ത്യക്കാകെ അഭിമാനകരമായ വിധത്തില്‍ കേരളം ആതിഥ്യമരുളിയ 35ാമത് ദേശീയ ഗെയിംസിന്റെ നടത്തിപ്പിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് ദുരുദ്ദേശപരമായി മാത്രമേ കാണാന്‍ കഴിയൂ എന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അഴിമതി ആരോപണം ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പറ്റിയ വിധത്തിലുള്ള തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല എന്നാണ് ഹൈക്കോടതി വിധിച്ചത്. അക്കൗണ്ടന്റ് ജനറലിന്റെ റിപോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇപ്പോള്‍ പ്രശ്‌നം വീണ്ടും ഉന്നയിച്ചിട്ടുള്ളത്. അക്കൗണ്ടന്റ് ജനറല്‍ ഉന്നയിച്ചിട്ടുള്ള പരാമര്‍ശങ്ങള്‍ക്ക് നാഷനല്‍ സെക്രട്ടേറിയറ്റ് മറുപടി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ മറുപടി തയ്യാറാക്കി വരുന്നതേയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
2011ല്‍ നടത്തിയ 34ാമത് റാഞ്ചി നാഷണല്‍ ഗെയിംസിന്റെ നടത്തിപ്പിലും കുറഞ്ഞ ചെലവിലാണ് കേരളം ഗെയിംസ് സംഘടിപ്പിച്ചത്. ഗെയിംസിന്റെ നടത്തിപ്പ് സംബന്ധിച്ച് പങ്കെടുത്ത ഒരു താരത്തിന്റെ ഭാഗത്തു നിന്നു പോലും ഒരു പരാതിയും ഉണ്ടായിട്ടില്ല. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടത് പരാതിയില്ലാതെ നടത്തപ്പെട്ട പ്രമുഖ സ്‌പോര്‍ട്‌സ് മേള എന്നാണ്. കേരളത്തിലെ പ്രമുഖ കായികതാരങ്ങളെല്ലാം ഗെയിംസിനെ അനുകൂലിച്ച് നിലപാടെടുത്തവരാണെന്ന് മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it