Flash News

ദേശീയ ഗജദിനം കടലാസിലൊതുങ്ങി



തൃശൂര്‍: ദേശീയ ഗജദിനം ആചരിക്കാതെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി കെ വെങ്കിടാചലം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാനത്ത് നാട്ടാനകളടക്കം വര്‍ഷംതോറും നൂറുകണക്കിന് ആനകള്‍ ചരിഞ്ഞിട്ടും ആനകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നാണ് ദേശീയ ഗജദിനം. വയനാട്ടില്‍ ചെറിയ പരിപാടി സംഘടിപ്പിക്കുന്നതൊഴിച്ചാല്‍ സംസ്ഥാന വ്യാപകമായി ഗജദിനം ആചരിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. 2004ല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഗുരുവായൂരില്‍ ദേശീയ ഗജദിനം വിപുലമായി ആചരിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അന്നത്തെ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം മുന്‍കൈയെടുത്ത് ദിനാചരണം സംഘടിപ്പിച്ചെങ്കിലും തുടര്‍ന്ന് വന്ന സര്‍ക്കാര്‍ ദിനാചരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ആന ഉടമകളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് സര്‍ക്കാര്‍ ഗജദിനാചരണത്തില്‍ നിന്നും ഒഴിഞ്ഞുമാറിയതെന്ന് അദ്ദേഹം ആരോപിച്ചു. ഉല്‍സവങ്ങളിലും മറ്റും ആനകളെ പീഡിപ്പിക്കുന്നതിനെതിരേ ബോധവല്‍ക്കരണം ശക്തമാക്കിയതും നിയമം കര്‍ശനമാക്കിയതുമാണ് ഗജദിനാചരണത്തിനെതിരേ തിരിയാന്‍ ആന ഉടമകളെ പ്രേരിപ്പിച്ചതെന്നും വെങ്കിടാചലം ആരോപിച്ചു. വനംവകുപ്പിലെ അനാസ്ഥമൂലം ആന സംരക്ഷണ നിയമങ്ങള്‍ കടലാസില്‍ അവശേഷിക്കുകയാണ്. ആനകള്‍ ചരിഞ്ഞതിന്റെ കണക്കു കിട്ടാന്‍ പോലും ഒന്നര വര്‍ഷം കാത്തിരിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 210 കാട്ടാനകളും 18 നാട്ടാനകളും ചരിഞ്ഞിട്ടുണ്ടെന്നും വെങ്കിടാചലം പറഞ്ഞു.
Next Story

RELATED STORIES

Share it