ദേശീയ കുടുംബാരോഗ്യ സര്‍വേക്കു തുടക്കം

തിരുവനന്തപുരം: ദേശീയ കുടുംബാരോഗ്യ സര്‍വേ 2015-16 നടത്തുന്നതിനുള്ള നടപടികള്‍ക്ക് സംസ്ഥാനത്തു തുടക്കമായി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപുലേഷന്‍ സയന്‍സസും (ഐഐഐപിഎസ്, മുംബൈ) സംയുക്തമായാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ നടത്തുന്നത്.
സൊസൈറ്റി ഫോര്‍ ദി പ്രൊമോഷന്‍ ഓഫ് യൂത്ത് ആന്റ് മാസസ് എന്ന സംഘടനയ്ക്കാണ് കേരളത്തിലും ലക്ഷദ്വീപിലും സര്‍വേ നടത്താനുള്ള ചുമതല. രാജ്യത്തിന്റെ ആരോഗ്യമേഖലയില്‍ വരുത്തേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഡാറ്റാ ബേസ് ഉണ്ടാക്കുക എന്നതാണ് സര്‍വേയുടെ പ്രധാന ലക്ഷ്യം.
അടുത്ത സര്‍വേ നടത്തുന്നതുവരെ ലോകത്തിനു മുമ്പില്‍ ഇന്ത്യന്‍ ജനതയുടെ ആരോഗ്യം, കുടുംബങ്ങളുടെ ആരോഗ്യസ്ഥിതി ഇവ സംബന്ധമായ ആധികാരിക രേഖയായി സര്‍വേ ഫലം ഉപയോഗപ്പെടുത്തും. രണ്ടു ഘട്ടമായാണ് സര്‍വേ നടത്തുന്നത്. ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട വില്ലേജുകളുടെ ഭൂപടം തയ്യാറാക്കി വീടുകള്‍ അടയാളപ്പെടുത്തുന്ന മാപ്പിങ് ആന്റ് ലിസ്റ്റിങ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തിലാണ് പ്രധാന സ ര്‍വേ നടക്കുക. 44 ദിവസത്തെ വിദഗ്ധ പരിശീലനം ലഭിച്ച 140 പേര്‍ വിവിധ ടീമുകളായി വിവരങ്ങള്‍ ശേഖരിക്കും. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഓരോ ടീമിലുമുണ്ടാവും. നഗരസഭാ അധികൃതര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സെന്‍സസ് ഡിപാര്‍ട്ട്‌മെന്റ് എന്നിവയ്ക്കു പുറമെ സംസ്ഥാനത്തെ വിവിധ മന്ത്രാലയങ്ങളുടെ സഹകരണം തേടിക്കൊണ്ടാണ് സര്‍വേ നടത്തുന്നത്.
നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവരെയും പ്രതിനിധാനം ചെയ്യുന്ന വിധത്തിലാണ് സര്‍വേ നടക്കുക. ആദ്യഘട്ടമായ മാപ്പിങ് ആന്റ് ലിസ്റ്റിങ് അവസാനിച്ചു. രണ്ടാം ഘട്ടമായ പ്രധാന സര്‍വേ മാര്‍ച്ച് എട്ടിന് ആരംഭിക്കുകയും ചെയ്തു. വിവരശേഖരണത്തിനായി 15 നും 54 നും ഇടയിലുള്ള പുരുഷന്മാരെയും 15നും 49നും ഇടയിലുള്ള സ്ത്രീകളെയുമാണു തിരഞ്ഞെടുക്കുക.
വിവരദാതാവിന്റെ കുടുംബ പശ്ചാത്തലം, പ്രജനന ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍, വൈവാഹിക ജീവിതാവസ്ഥയെ സംബന്ധിച്ച വിവരങ്ങള്‍, ജനന നിയന്ത്രണ മാര്‍ഗങ്ങളുടെ ഉപയോഗം, പൊതു ആരോഗ്യ സംവിധാനവുമായുള്ള ഇടപെടല്‍, മാതൃ ശിശു സംരക്ഷണ വിവരങ്ങള്‍, കുട്ടികളുടെ ആരോഗ്യവും പ്രതിരോധ ചികില്‍സയെയും സംബന്ധിച്ച വിവരങ്ങ ള്‍, പ്രജനന ആരോഗ്യം സംബന്ധിച്ച കാഴ്ചപ്പാടുകള്‍, മറ്റ് പൊതു ആരോഗ്യപ്രശ്‌നങ്ങള്‍, ലൈംഗിക ആരോഗ്യം, ഭാര്യാഭര്‍ത്താക്കന്‍മാരുടെ പശ്ചാത്തലവും തൊഴില്‍ മേഖലകളും, എച്ച്‌ഐവി/എയ്ഡ്‌സ് ഉള്‍പ്പെടെ ലൈംഗിക രോഗങ്ങളെക്കുറിച്ചുള്ള അവബോധം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധങ്ങള്‍ എന്നീ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വേ.
നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും ഉടന്‍ വിവരശേഖരണം തുടങ്ങും. ആഗസ്ത് മാസത്തോടെ കേരളത്തിലെ സര്‍വേ പൂര്‍ത്തീകരിക്കുമെന്നും നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-4 സംസ്ഥാന കോ-ഓഡിനേറ്റര്‍ ഡോ. ജെ ശ്രീകുമാര്‍ വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു. ഒക്ടോബര്‍ മാസത്തോടെ ലക്ഷദ്വീപിലെ സര്‍വേയും പൂര്‍ത്തീകരിക്കും.
Next Story

RELATED STORIES

Share it