ദേശീയ എന്‍ട്രന്‍സ് പരീക്ഷകള്‍ മലയാളികള്‍ക്ക് എഴുതാനാവില്ല : സര്‍വകലാശാലകളിലെ ഡിഗ്രി ഫലപ്രഖ്യാപനം വൈകും



തേഞ്ഞിപ്പലം:സംസ്ഥാനത്തെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലെ ഫൈനല്‍ ഡിഗ്രി ഫലം അടുത്ത മാസത്തില്‍പോലും പ്രസിദ്ധീകരിക്കാനാവുമോയെന്ന ആശങ്ക നിലനില്‍ക്കെ ദേശീയതലത്തില്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ മലയാളികള്‍ക്ക് എഴുതാനാവില്ല. കാലിക്കറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള ഡിഗ്രി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം വലതുപക്ഷ സര്‍വീസ് സംഘടനകളില്‍പ്പെട്ട അധ്യാപകര്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്. മൂല്യനിര്‍ണയത്തിന് പ്രതിഫലമായി അധ്യാപകര്‍ ഈടാക്കിയ തുക തിരിച്ചുപിടിക്കണമെന്ന യുജിസി നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കിയതോടെയാണ് കോണ്‍ഗ്രസ് അധ്യാപക സര്‍വീസ് സംഘടനയായ കെപിസിടിഎ ഉത്തരക്കടലാസുകള്‍ നോക്കുന്നത് പൂര്‍ണമായും ബഹിഷ്‌കരിച്ചത്. ലീഗ് അധ്യാപകസംഘടനയായ സികെസിടി സര്‍ക്കാര്‍ നിലപാടിനെതിരേ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉള്‍പ്പെടെ നടത്തി സമരരംഗത്തുണ്ട്. പ്രതിസന്ധി മറികടക്കാന്‍ വിദ്യാഭ്യാസമന്ത്രി അധ്യാപക സംഘടനകളുടെ യോഗം ഇതുവരെ വിളിച്ചുചേര്‍ത്തിട്ടില്ല. കാലിക്കറ്റ് സര്‍വകലാശാലയാണ് നേരത്തേ ഡിഗ്രിഫലം പ്രഖ്യാപിക്കാറുള്ളത്. കഴിഞ്ഞ തവണ മെയ് 20ന് ഡിഗ്രി ഫലം പ്രഖ്യാപിക്കാനായിരുന്നെങ്കില്‍ ഈ പ്രാവശ്യം അടുത്തമാസം അവസാനത്തിലെങ്കിലും പ്രഖ്യാപിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. രാജ്യത്തെ പ്രധാന സര്‍വകലാശാലകളായ ജെഎന്‍യു, അലിഗഡ്, ഹൈദരാബാദ്, ജാമിയ മില്ലിയ എന്നിവിടങ്ങളിലെ പിജി പ്രവേശനത്തിനുള്ള സമയം അടുത്ത മാസത്തോടെ അവസാനിക്കും. ഇതിനിടയില്‍ കാലിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലെ ഡിഗ്രി ഫലം വന്നില്ലെങ്കില്‍ മലയാളികള്‍ പുറന്തള്ളപ്പെടും. കാലിക്കറ്റില്‍ ഡിഗ്രി ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് ഈ മാസം 18ന് ക്യാംപ് തുടങ്ങാനാണ് തീരുമാനം. എന്നാല്‍, അധ്യാപകര്‍ ക്യാംപിലെത്താതെ ബഹിഷ്‌കരണം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷ അധ്യാപക സംഘടനയില്‍ പെട്ടവര്‍ വിചാരിച്ചാലും മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവില്ല.സമയത്തിന് ഫലം പുറത്തുവരാതെ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലായിട്ടും സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗതയാണ് പുലര്‍ത്തുന്നത്.
Next Story

RELATED STORIES

Share it