Flash News

ദേശീയ അധ്യക്ഷന്‍ തിരഞ്ഞെടുപ്പ് : ചുരുക്കപ്പട്ടികയെ ചൊല്ലി എന്‍എസ്‌യുവില്‍ പ്രതിസന്ധി



ന്യൂഡല്‍ഹി: ഇതാദ്യമായി എന്‍എസ്‌യു അധ്യക്ഷനെ കണ്ടെത്താന്‍ അഭിമുഖവും എഴുത്തുപരീക്ഷയും ഏര്‍പ്പെടുത്തിയെങ്കിലും അന്തിമപട്ടിക തയ്യാറാക്കുന്നതുസംബന്ധിച്ച് പ്രതിസന്ധി. അധ്യക്ഷനാവാനുള്ള അപേക്ഷകളുടെ പ്രളയത്തില്‍ നിന്നു ചുരുക്കപ്പെട്ടിക തയ്യാറാക്കിയതാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പുതിയ പ്രതിസന്ധിയായിരിക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ രാഹുലിനു ലഭിച്ചിട്ടുണ്ട്. പരാതി വ്യാപകമായതോടെ എന്‍എസ്‌യു നേതാക്കളെ രാഹുല്‍ വിളിപ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തിലുള്ള സമിതിക്കാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല. എന്‍എസ്‌യുവിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഗിരീഷ് ഛോദാന്‍കര്‍, മീനാക്ഷി നടരാജന്‍ എംപി, കൃഷ്ണ അല്ലാവുറു, യശാസ്വി മിശ്ര, രുചി ഗുപ്ത എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ലഭിച്ച അപേക്ഷകളില്‍ നിന്ന് ഇവര്‍ ഏഴു പേരുകളാണ് തിരഞ്ഞെടുത്തത്. നിലവിലെ എന്‍എസ്‌യു വൈസ്പ്രസിഡന്റ് കുമാര്‍ രാജ, ജനറല്‍ സെക്രട്ടറിമാരായ അജയ് ചിക്കാര, ഹസീബ അമീന്‍, സെക്രട്ടറിമാരായ തെലങ്കാനയില്‍ നിന്നുള്ള അഡ്വ. ഫിറോസ് ഖാന്‍, യുപിയില്‍ നിന്നുള്ള വര്‍ധാന്‍ യാദവ്, ജമ്മു കശ്മീര്‍ എന്‍എസ്‌യു ഘടകം വൈസ് പ്രസിഡന്റ് നീരജ് കുന്ദന്‍, മധ്യപ്രദേശ് സ്വദേശിയായ മനീഷ് ശര്‍മ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടംപടിച്ചത്. നാളിതുവരെ എന്‍എസ്‌യുവില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത മനീഷ് ശര്‍മ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചതാണ് സമിതി അംഗങ്ങള്‍ക്കിടയിലും പാര്‍ട്ടിവൃത്തങ്ങളിലും വിവാദത്തിനു കാരണാമായത്. മുന്‍കാലങ്ങളില്‍ സംസ്ഥാനതല ഭാരവാഹികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഡല്‍ഹിക്ക് വിളിച്ചുവരുത്തി രാഹുല്‍ നേരിട്ട് അഭിമുഖം നടത്തി എന്‍എസ്‌യു പ്രസിഡന്റായി നിയമിക്കുകയായിരുന്നു പതിവ്. എന്നാല്‍, എന്‍എസ്‌യുവില്‍ ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ള ആര്‍ക്കും ദേശീയ അധ്യക്ഷനാവാനുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാമെന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത. ഇതുപ്രകാരം ഈ വര്‍ഷം കോളജ് യൂനിറ്റ് പ്രസിഡന്റിനു വരെ എന്‍എസ്‌യു അധ്യക്ഷസ്ഥാനത്തേക്ക് ഒരുകൈ നോക്കാമായിരുന്നു.
Next Story

RELATED STORIES

Share it