malappuram local

ദേശീയപാത സ്ഥലമെടുപ്പ്: നഷ്ടങ്ങളുടെ വില നിര്‍ണയം തുടങ്ങി

മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നഷ്ടപ്പെടുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും മരങ്ങളുള്‍പ്പടെയുള്ള വസ്തു വകകളുടെയും വില നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ക്ക് തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത് തുടക്കമായി. ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് വിലനിര്‍ണയം  നടത്തുന്നത്.ഇരുപതോളം വരുന്ന ഉദ്യോഗസ്ഥ സംഘം ആദ്യ ദിനം ഒരു കിലോമീറ്റര്‍ പാതയിലുള്ള നഷ്ടങ്ങളുടെ വിലനിര്‍ണയം പൂര്‍ത്തിയാക്കി.
വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘങ്ങള്‍ നിര്‍ണയിത്തിനുണ്ടാകും. ദിവസം രണ്ട് കിലോമീറ്റര്‍ എന്ന രീതിയില്‍ ജൂണ്‍ 25 നകം 76.8 കിലോ മീറ്റര്‍ പാത പൂര്‍ത്തിയാക്കാനാണ് കര്‍മപദ്ധതി. കേന്ദ്ര പൊതുമാരാമത്ത് വകുപ്പിന്റെ കണക്ക് പ്രകാരം 2018ല്‍ അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന ചിലവിനെ അടിസ്ഥാനമാക്കിയാണ് തുക തീരുമാനിക്കുക. ഇതിന് നിര്‍മാണ പ്രവൃത്തിയുടെ കാലപ്പഴക്കം പരിഗണിക്കില്ല. ദേശീയപാത അതോറിറ്റി ചുമതലപ്പെടുത്തിയ ഏജന്‍സിയാവും തുക തീരുമാനിക്കുന്നത്. തുടര്‍ന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നഷ്ടങ്ങളുടെ കണക്ക് സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ തുകയുടെ ഇരട്ടിയാകും നഷ്ടപരിഹാരമായി അനുവദിക്കുക. ഭൂമി ഏറ്റെടുക്കല്‍ നിയമം 2013 അനുസരിച്ചാണ് ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനമായത്. മരങ്ങളുടെ നഷ്ടങ്ങള്‍ സംബന്ധിച്ച് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് സോഷ്യല്‍ ഫോറസ്ട്രി, കാര്‍ഷിക വിളകളുടെ നഷ്ടങ്ങള്‍ സംബന്ധിച്ച് കൃഷി ഓഫിസര്‍മാരും വില നിര്‍ണയം നടത്തും. കിണര്‍, മതില്‍, സെപ്റ്റിക് ടാങ്ക് തുടങ്ങി എല്ലാ നിര്‍മിതികള്‍ക്കും നഷ്ടപരിഹാരം ലഭ്യമാകും. കൃത്യമായ വിലനിര്‍ണയത്തിനും നഷ്ടപരിഹാര വിതരണത്തിനുള്ള കാലതാമസം ഒഴിവാക്കുന്നതിനുമായി ജനങ്ങള്‍ കൃത്യമായ കണക്കുകള്‍ സമര്‍പ്പിച്ച്  സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it