kannur local

ദേശീയപാത സ്ഥലമെടുപ്പ്: ജനവാസം കുറഞ്ഞ മേഖല പരിഗണിക്കുമെന്നു കലക്ടര്‍

കണ്ണൂര്‍: ദേശീയപാത സ്ഥലമെടുപ്പിനെതിരേ കാട്ടാമ്പള്ളി കോട്ടക്കുന്നില്‍ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായിരിക്കെ സമരക്കാരുമായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ചര്‍ച്ച നടത്തി. അഴീക്കോട് എംഎല്‍എ കെ എം ഷാജിയുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ 10.30ന് കലക്ടറുടെ ചേംബറിലായിരുന്നു യോഗം.ബൈപാസ് പദ്ധതിക്കായി ജനവാസം തീരെ കുറഞ്ഞ മേഖല കണ്ടെത്തണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. റോഡ് വികസനവുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ നടക്കുന്ന ബൃഹദ് പദ്ധതിയാണിത്. എതിര്‍പ്പുകള്‍ മൂലം പദ്ധതി ഉപേക്ഷിക്കാനാവില്ല. എന്നാല്‍ ജനവികാരം പരിഗണിച്ച് പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് അദ്ദേഹം വ്യക്തമാക്കി. വളപട്ടണം-ചാല ബൈപാസ് പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ ഭൂവുടമകളുടെ തെളിവെടുപ്പ് നടന്നിരുന്നു. ഇതിനുശേഷം നടപടിക്രമങ്ങള്‍ അറിയിക്കാതെ സര്‍വേക്ക് എത്തിയ റവന്യൂ വകുപ്പ്-ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് കുടിയിറക്ക് വിരുദ്ധ സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സ്വന്തം വീടും സ്വത്തും സംരക്ഷിക്കാന്‍ വേണ്ടി സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത പോലിസ് നടപടി അപലപനീയമാണ്. നിലവിലുള്ള രൂപരേഖ പ്രകാരം എരുമ്മല്‍ വയല്‍-കാഞ്ഞിരത്തറ റൂട്ടിലൂടെ ബൈപാസ് പണിയുമ്പോള്‍ 64 വീടുകളും 15 കടകളും നഷ്ടപ്പെടും. കിടപ്പാടങ്ങള്‍ നഷ്ടപ്പെടുത്തി കൊണ്ടുള്ള രൂപരേഖ ഉപേക്ഷിക്കണം. പകരം, നിലവിലുള്ള റോഡുകള്‍ വികസിപ്പിക്കണം. ഫ്‌ളൈ ഓവറുകള്‍ പണിയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതല്ലാത്ത ബദല്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് കലക്ടര്‍ പറഞ്ഞു. തുടര്‍ന്നാണ് ജനവാസം തീരെ കുറഞ്ഞ മേഖല കണ്ടെത്തണമെന്ന നിര്‍ദേശം സമരക്കാര്‍ മുന്നോട്ടുവച്ചത്. വികസനത്തിന് നാട്ടുകാര്‍ എതിരല്ലെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കെ എം ഷാജി എംഎല്‍എ പറഞ്ഞു. കുടിയിറക്ക്‌വിരുദ്ധ സമരസമിതി ജനറല്‍ കണ്‍വീനര്‍ എന്‍ എം കോയ, ചെയര്‍മാന്‍ എം എ ഹംസ, വൈസ് ചെയര്‍മാന്‍ പ്രദീപന്‍, ഖജാഞ്ചി സഹധര്‍മന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സുഗുണന്‍, ഷീന, മനാഫ്, സീനത്ത്, നൗഫല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it