ernakulam local

ദേശീയപാത സബ് ഡിവിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

പറവൂര്‍: ദേശീയപാത 66 സംരക്ഷിക്കുന്നതില്‍ കേന്ദ്ര—സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അനാസ്ഥ മറച്ചുവയ്ക്കുന്നതിനാന്ന് സിപിഎമ്മും ബി ജെപിയും തനിക്കെതിരേ സമരം നടത്തുന്നതെന്ന് വി ഡി സതീശന്‍ എംഎല്‍എ.
തകര്‍ന്ന് കിടക്കുന്ന മൂത്തകുന്നം പറവൂര്‍ റോഡ് പുതുക്കിപ്പണിയുക, അപകടാവസ്ഥയിലായ ചെറിയപ്പിള്ളിപാലം അടിയന്തരമായി നന്നാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി മിനിസിവില്‍ സ്‌റ്റേഷനിലെ ദേശീയപാത സബ് ഡിവിഷന്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത നിര്‍മിക്കുന്നതും യഥാസമയം അറ്റകുറ്റ പണികള്‍ നടത്തി സംരക്ഷിക്കേണ്ടതും കേന്ദ്ര —സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്.
ഈ ആവശ്യത്തിലേക്ക് യഥാസമയം എസ്റ്റിമേറ്റും പദ്ധതിയും തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചു ഫണ്ട് വാങ്ങിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. വളരെ വൈകിയാണ് സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചിട്ടുള്ളത്. ഇക്കാര്യം പറഞ്ഞു ഫണ്ട് അനുവദിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ഇതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന കൊടിയ ദുരിതത്തിന്റെ പാപഭാരം എംഎല്‍എയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നടത്തുന്ന സമരങ്ങള്‍ അപഹാസ്യമാണ്.
കോണ്‍ഗ്രസ് പറവൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ എ അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംപി കെ പി ധനപാലന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി വി ലാജു, എം ടി ജയന്‍, കൊച്ചുത്രേസ്യ ജോയ്, മുനിസിപ്പല്‍ ചെയര്‍മാന്‍ രമേശ് ഡി കുറുപ്പ്, കെ ശിവശങ്കരന്‍, ടൗണ്‍ മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ സംസാരിച്ചു.
Next Story

RELATED STORIES

Share it