kozhikode local

ദേശീയപാത വികസനം സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ചര്‍ച്ചയാവുന്നു



വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പിലെ പ്രശ്‌നങ്ങള്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ സജ്ജീവ ചര്‍ച്ചയാകുന്നു. സമ്മേളന പ്രതിനിധികളും, ഇതില്‍ പങ്കെടുക്കുന്നവരുമാണ് സ്ഥലമെടുപ്പ് വിഷയങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കുന്നത്. പാത കടന്നുപോകുന്ന പ്രദേശത്തെ ബ്രാഞ്ച് സമ്മേളനത്തിലാണ് ഈ വിഷയം ചര്‍ച്ചയ്ക്കുവരുന്നത്. പുനരധിവാസവും, മതിയായ നഷ്ടപരിഹാരവും മുന്‍കൂര്‍ പ്രഖ്യാപിക്കാതെയുള്ള സ്ഥലമെടുപ്പ് രീതിക്കെതിരേയാണ് അമര്‍ഷം ഉയര്‍ന്നത്. ഇടതുപക്ഷമുന്നണി അധികാരത്തില്‍ ഇരിക്കുമ്പോള്‍ പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്ന് സമ്മേളനങ്ങളില്‍ ആവശ്യമുയര്‍ന്നു. സമരം ചെയ്യുന്ന സംഘടനകളുമായി ചര്‍ച്ച വേണമെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ തുറന്നടിച്ചു. നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങള്‍ ഇടിച്ചുനിരത്തുമ്പോള്‍ കച്ചവടക്കാരും, തൊഴിലാളികളും നേരിടുന്ന ദുരിതത്തിന് അറുതിവരുത്തണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ദേശീയപാത വികസനം യാതാര്‍ത്ഥ്യമാക്കുക എന്നത് പാര്‍ട്ടി നയമാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ കീഴാറ്റൂര്‍ ബൈപ്പാസ് സ്ഥാപിക്കുന്ന വിഷയത്തില്‍ സിപിഎം പ്രാദേശിക ഘടകം തന്നെ സമരവുമായി വന്നത് വന്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ പാര്‍ട്ടിയംഗങ്ങളെയും, പ്രവര്‍ത്തകരെയും വെറുപ്പിക്കാതെ മുന്നോട്ട് പോകാനാണ് പാര്‍ട്ടി നീക്കം. പാര്‍ട്ടി പ്രവര്ത്തകരുടെ എതിര്‍പ്പ്, വരും ദിവസങ്ങളില്‍ നടക്കുന്ന ലോക്കല്‍, ഏറിയ സമ്മേളനങ്ങളിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
Next Story

RELATED STORIES

Share it