Flash News

ദേശീയപാത വികസനം: സര്‍വകക്ഷിയോഗം വിളിക്കാന്‍ സാധ്യത

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് മലപ്പുറം ജില്ലയില്‍ ഉയര്‍ന്ന പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് സര്‍വകക്ഷിയോഗം വിളിക്കുന്ന കാര്യം പരിഗണിക്കും. നിയമസഭയില്‍ പ്രാതിനിധ്യമുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളെ മാത്രമേ യോഗത്തിലേക്ക് ക്ഷണിക്കൂവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഉറപ്പ് കണക്കിലെടുത്ത് പ്രതിപക്ഷം വാക്കൗട്ട് ഉപേക്ഷിച്ചു. പ്രതിപക്ഷത്തെ മുസ്‌ലിംലീഗ് അംഗം കെ എന്‍ എ ഖാദറാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. ദേശീയപാത 66ല്‍ വളാഞ്ചേരി-കുറ്റിപ്പുറം മേഖലയില്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട അലൈന്‍മെന്റിലെ അപാകത പരിഹരിക്കണം, കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ ആശങ്കകള്‍ അകറ്റണം,  ജനവികാരം കണക്കിലെടുത്ത് മുന്നോട്ടുപോവണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ദേശീയപാത വികസനത്തിന് പ്രദേശവാസികളോ മുസ്‌ലിംലീഗോ എതിരല്ലെന്നും എന്നാല്‍, ഇരകളുടെ പ്രശ്‌നം പരിഹരിക്കണമെന്നും ഖാദര്‍ ആവശ്യപ്പെട്ടു.
പാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ആരാധനാലയങ്ങളും ഖബര്‍സ്ഥാനുകളും ഒഴിവാക്കും. മലപ്പുറം ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റാന്‍ ഈ സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ല. സ്ഥലമേറ്റെടുക്കല്‍ നല്ല നിലയില്‍ പുരോഗമിക്കുകയാണ്.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്‍മെന്റാണ് ഇപ്പോഴത്തേത്. യുഡിഎഫ് കാലത്തു തന്നെ തൃശൂര്‍ മുതല്‍ പൊന്നാനി വരെ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഏറ്റെടുക്കല്‍ നിലച്ചു. പിന്നീട് മൂന്നു വര്‍ഷം യുഡിഎഫ് ഭരിച്ചെങ്കിലും സ്ഥലമേറ്റെടുക്കല്‍ മുന്നോട്ടുപോയില്ല.
വളാഞ്ചേരി-കുറ്റിപ്പുറം മേഖലയില്‍ എട്ടു കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് പ്രശ്‌നമുള്ളത്. എആര്‍ നഗര്‍ പഞ്ചായത്തിലാണ് ഇപ്പോള്‍ പ്രശ്‌നം നിലനില്‍ക്കുന്നത്. രണ്ട് ആരാധനാലയങ്ങള്‍ ഒഴിവാക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തുമ്പോള്‍ 32 കെട്ടിടങ്ങള്‍ നഷ്ടപ്പെടും. ഇതില്‍ ഏത് ഒഴിവാക്കി അലൈന്‍മെന്റ് വേണമെന്ന് തീരുമാനിക്കാന്‍ ജനപ്രതിനിധികളും ഇടപെടണമെന്നും സുധാകരന്‍ പറഞ്ഞു.
ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  സ്ഥലം ഏറ്റെടുത്തശേഷം മാത്രം പുനരധിവാസ പാക്കേജ് എന്നാണ് പറയുന്നത്. ആ പാക്കേജ് ഇപ്പോഴേ പ്രഖ്യാപിച്ചുകൂടേയെന്നും ചെന്നിത്തല ചോദിച്ചു.
Next Story

RELATED STORIES

Share it