ernakulam local

ദേശീയപാത വികസനം : സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തത് ആശങ്ക പരത്തുന്നു



പറവൂര്‍: ദേശീയപാത 17 ല്‍ വരാപ്പുഴ മുതല്‍ മൂത്തകുന്നം വരെ 23 കിലോമീറ്റര്‍ റോഡ് വികസനം അനന്തമായി നീണ്ടുപോകുന്നതും എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതും ആശങ്കകള്‍ പരത്തുന്നു. മൂന്നര പതിറ്റാണ്ട് മുമ്പ് ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്ത് ഇതുവരെ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. നാലുവരി പാത നിര്‍മാണത്തിനായാണ് അന്ന് സ്ഥലമേറ്റെടുത്തത്. റോഡിന്റെ അലൈന്‍മെന്റ് നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാല്‍ ദേശീയപാതയുടെ നിര്‍മാണം നീണ്ടുപോകാന്‍ ഇടയായി. സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായതിനുശേഷം 7 പൊതു തെരഞ്ഞെടുപ്പുകള്‍ കടന്നുപോയി. ഈ തെരഞ്ഞെടുപ്പുകളില്‍ എല്ലാം തന്നെ ദേശീയപാത വികസനം സംബന്ധിച്ച് ഏറെ ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടായി എന്നല്ലാതെ നിര്‍മാണം ഇപ്പോഴും കടലാസ്സില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫും, യുഡിഎഫും ദേശീയപാത നിര്‍മാണം സംബന്ധിച്ച് ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയര്‍ത്തിയിരുന്നു. രണ്ട് മുന്നണികളും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 30 മീറ്ററില്‍ പാത നിര്‍മാണത്തിന് നടപടികള്‍ സ്വീകരിച്ചിരുന്നു. എസ്റ്റിമേറ്റ് അംഗീകരിച്ച് ഫണ്ട് ലഭ്യമാക്കാന്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടത്ര ഗൗരവം നല്‍കിയില്ല. കേന്ദ്രസര്‍ക്കാരിന്റെ ചുവട് പിടിച്ച് 45 മീറ്ററില്‍ ദേശീയപാത വേണമെന്ന നിര്‍ദ്ദേശം എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ പാത നിര്‍മാണത്തിന് വേണ്ടത്ര ഫണ്ട് അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. 45 മീറ്ററില്‍ റോഡ് വേണമെന്ന് പറയുമ്പോഴും അതിനുള്ള സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 35 വര്‍ഷം മുമ്പ് പാതയ്ക്കുവേണ്ടി സ്ഥലം വിട്ടുനല്‍കിയവര്‍ വീണ്ടും സ്ഥലം നല്‍കേണ്ടി വരുമെന്ന ആശങ്കയിലാണ്. 45 മീറ്റര്‍ എന്ന ആശയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചതോടെ മേഖലയില്‍ വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 30 മീറ്ററില്‍ നാലുവരിപ്പാത എന്ന തീരുമാനത്തെയാണ് ബഹുഭൂരിപക്ഷവും സ്വാഗതം ചെയ്യുന്നത്. എന്നാല്‍ ഭാവിവികസനം കൂടി കണക്കിലെടുത്ത് 45 മീറ്ററില്‍ പാത വേണമെന്ന പക്ഷക്കാരുമുണ്ട്. അതേസമയം എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമായ നയം സ്വീകരിക്കാതെ ഇരിക്കുകയും നിസ്സംഗത കാണിക്കുകയും ചെയ്യുന്നതാണ് ദേശീയപാത വികസനം നീണ്ടുപോകാന്‍ കാരണമെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it