Flash News

ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കല്‍ പുനരാരംഭിക്കുന്നു, പ്രതിഷേധം ശക്തം

ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കല്‍ പുനരാരംഭിക്കുന്നു, പ്രതിഷേധം ശക്തം
X
National-Highway-Chittode-Junction
പൊന്നാനി: ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പകുതിവഴിയില്‍ നിര്‍ത്തിവച്ച ദേശീയപാത വികസനം പുനരാരംഭിക്കാന്‍ ജില്ലാ ഭരണകൂടം നടപടികളുമായി രംഗത്ത്. പാത 45 മീറ്റല്‍ തന്നെ വികസിപ്പിക്കുമെന്നും ഇക്കാര്യത്തില്‍ ആരുമായും ഇനി ചര്‍ച്ചയില്ലെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് ഭൂമി ഏറ്റെടുക്കല്‍ പരിപാടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
2013 നവംബറില്‍ പാലപ്പെട്ടി കാപ്പിരിക്കാട് നിന്നാരംഭിച്ച ദേശീയപാത വികസന നടപടികള്‍ കുറ്റിപ്പുറത്തെത്തിയതോടെയാണ് ശക്തമായ ജനകീയ രോഷത്തെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയപാത വികസന നടപടികള്‍ പുനരാരംഭിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ജില്ലാഭരണകൂടം മുന്നോട്ടുപോയി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അളവെടുപ്പ് പൂര്‍ത്തിയാക്കിയ കാപ്പിരിക്കാട് മുതല്‍ കുറ്റിപ്പുറം വരെയുള്ള ഭാഗങ്ങളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഈ മേഖലയിലെ ആരാധനാലയയങ്ങള്‍ സംരക്ഷിച്ചുനിര്‍ത്തി റോഡിന്റെ അലൈന്‍മെന്റില്‍ നേരിയ മാറ്റം വരുത്തുന്നത് ആലോചിക്കാന്‍ പള്ളി കമ്മിറ്റി, ക്ഷേത്രം കമ്മിറ്റി ഭാരവാഹികളുടെ യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍, ഇതില്‍ സമവായമുണ്ടാക്കാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല.
തിരഞ്ഞെടുപ്പ് മുന്നിലെത്തിയ സാഹചര്യത്തില്‍ അന്ന് ഏതെങ്കിലും തരത്തിലുള്ള പ്രത്യക്ഷ നടപടികള്‍ എടുത്തിരുന്നില്ല. പുതിയ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോവാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പാലപ്പെട്ടി മുതല്‍ കുറ്റിപ്പുറം വരെയുള്ള ഭാഗത്ത് ഭൂമിയുടെ അളവെടുപ്പും, കല്ലിടലും പൂര്‍ത്തിയായിട്ടുണ്ട്. ആരാധനാലയങ്ങളുടെ കാര്യത്തിലുള്ള തീര്‍പ്പാണ് ഈ മേഖലയില്‍ നടപ്പാക്കാനുള്ളത്. കുറ്റിപ്പുറം മുതല്‍ വടക്കോട്ടുള്ള ദേശീയപാത വികസനത്തിന് പുതിയ വിജ്ഞാപനം പുറത്തിറക്കണം. നേരത്തെ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണിത്. നേരത്തെ രണ്ടുതവണ ഭൂമിയേറ്റടുക്കല്‍ വിജ്ഞാപനമിറക്കിയിരുന്നുവെങ്കിലും ഇരകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ നടക്കാതെ പോവുകയായിരുന്നു. രണ്ടുഘട്ടങ്ങളിലും വ്യത്യസ്ഥ തിരഞ്ഞെടുപ്പുകള്‍ മുന്നിലുണ്ടായിരുന്നതിനാല്‍ ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവെടുപ്പും മറ്റു നടപടികളും രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. പദ്ധതി അനിശ്ചിതമായി നീണ്ടതോടെ കോട്ടക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ഭൂമി ഏറ്റെടുക്കല്‍ തഹസില്‍ദാറുടെ ഓഫിസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അലംഭാവത്തിനെതിരേ കേന്ദ്ര ഗതാഗത ഉപരിതല മന്ത്രാലയം ശക്തമായ വിമര്‍ശം ഉന്നയിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് മൂന്നുമാസങ്ങള്‍ക്ക് മുമ്പ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുനരാരംഭിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം പുറപ്പെടുവിക്കേണ്ടിവന്നത്.
ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ ചര്‍ച്ച പോലും നടത്താതെ 45 മീറ്ററില്‍ പാതവികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ജില്ലാ ഭരണകൂടം നടപടിക്രമങ്ങള്‍ പുനരാരംഭിക്കുകയാണ്. അതേസമയം, മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ ഇരകളുടെ പ്രതിഷേധം ശക്തമായി കഴിഞ്ഞു. ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്ന നിലപാട് ജനകീയ ഭരണാധികാരിക്ക് ചേര്‍ന്നതല്ലെന്ന് ദേശീയ പാത ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. പുനരധിവാസ പാക്കേജിന്റെ കാര്യത്തില്‍ വ്യക്തത വരുത്താതെ ദേശീയപാത വികസനമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇരകളുടെ കാര്യത്തില്‍ ആശങ്കയും നെഞ്ചിടിപ്പും കൂട്ടികൊണ്ടിരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it