malappuram local

ദേശീയപാത വികസനം നവംബറില്‍: ജില്ലാ കലക്ടര്‍ അമിത് മീണ

മലപ്പുറം: ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് ജൂണ്‍ അവസാനം പണം നല്‍കും. താലൂക്ക് അടിസ്ഥാനത്തില്‍ പണം നല്‍കേണ്ടതിന്റെ കണക്കുകള്‍ ശേഖരിച്ചുവരികയാണ്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം വലിയ വേഗതയാണ് കാണിക്കുന്നത്. ഉടമകള്‍ക്ക് പണം നല്‍കിയ ശേഷം മാത്രമേ പ്രവൃത്തികള്‍ ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സിവില്‍സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട പഴയ കെട്ടിടങ്ങള്‍ പൊളിച്ച് പുതിയ ഒരൊറ്റ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.
പൈതൃത സംരക്ഷണത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ നിലനിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കലക്ടറേറ്റിലെ പുതിയ കെട്ടിട സമുച്ചയവുമായി ബന്ധപ്പെട്ട ജില്ലാ ഭരണകൂടം സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം എംഎസ്പി മൈതാനിയില്‍ നടക്കാനിരിക്കുന്ന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനവുമായി ബന്ധപ്പെട്ട് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദേശീയപാത, ഗെയില്‍ എന്നിവയെ പറ്റി ചോദിക്കരുതെന്ന ആമുഖത്തോടെയാണ് കലക്ടര്‍ അമിത് മീണ സംസാരിച്ചു തുടങ്ങിയത്. എങ്കിലും ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മറുപടി പറയാന്‍ അദ്ദേഹം മടികാണിച്ചില്ല.
Next Story

RELATED STORIES

Share it