Flash News

ദേശീയപാത വികസനം ഇരകളെ ഭയപ്പെടുത്തുന്നത് മൂലമ്പിള്ളിക്കാരുടെ അവസ്ഥ

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ദേശീയപാത വികസനത്തിനു കുടിയൊഴിക്കപ്പെടുന്ന കുടുംബങ്ങളെ ഭീതിപ്പെടുത്തുന്നത് പുനരധിവാസ പാക്കേജിന്റെ പേരില്‍ വഞ്ചിതരായ മൂലമ്പിള്ളി ഇരകളുടെ ജീവിതം. മൂലമ്പിള്ളി നിവാസികളെ വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിന്റെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കുടിയൊഴിപ്പിച്ചത്. ഭരണകൂടങ്ങളാല്‍ വഞ്ചിക്കപ്പെട്ട മൂലമ്പിള്ളിയിലെ ജനങ്ങളുടെ നിലയ്ക്കാത്ത കരച്ചില്‍ കേരളമൊട്ടാകെ ദേശീയപാത വികസനം മൂലം തെരുവാധാരമാകുന്ന ഇരകളെയും കാത്തിരിക്കുകയാണ്.
316 കുടുംബങ്ങളെയാണ് അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ വികസനത്തിനു വേണ്ടി തെരുവിലേക്ക് തള്ളിയത്. ഭരണകൂട ഭീകരതയുടെ ഇരകളായി നരകിച്ചു ജീവിതം തള്ളിനീക്കുകയാണ് അവര്‍. ഇതേ ഇടതുപക്ഷ സര്‍ക്കാരാണ് ഇന്ന് വീണ്ടും ദേശീയപാത വികസനവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും 15 ലക്ഷത്തോളം വരുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കാനാണ് പോലിസ് സേനയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. വെറും 316 കുടുംബങ്ങളെ മാന്യമായി പുനരധിവസിപ്പിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് എങ്ങനെയാണ് 15 ലക്ഷം വരുന്ന ജനങ്ങളെ കുടിയൊഴിപ്പിച്ചു പുനരധിവസിപ്പിക്കാന്‍ സാധിക്കുക എന്നാണ് ഇരകള്‍ ചോദിക്കുന്നത്.
മൂലമ്പിള്ളിയില്‍ സര്‍ക്കാര്‍ പാക്കേജ് പ്രകാരം ഒഴിപ്പിക്കപ്പെടുന്ന ഓരോ കുടുംബത്തിനും നാലു മുതല്‍ ആറ് സെന്റ് വരെ ഭൂമി സര്‍ക്കാര്‍ നല്‍കും, കുടിവെള്ളം, വൈദ്യുതി, റോഡ്, ഡ്രെയ്‌നേജ് എന്നിവ സര്‍ക്കാര്‍ ചെലവില്‍ നിര്‍മിച്ചുനല്‍കും, പുനരധിവസിപ്പിക്കുന്ന സ്ഥലം വാസയോഗ്യമാകുന്നതുവരെ എല്ലാ കുടുംബങ്ങളെയും മാസവാടകയ്ക്ക് മറ്റ് സ്ഥലങ്ങളില്‍ താമസിപ്പിക്കും, കുടുംബങ്ങളില്‍ ഒരാള്‍ക്ക് വല്ലാര്‍പാടം പദ്ധതിയില്‍ ജോലി നല്‍കും, സമരത്തിനിടയില്‍ രേഖപ്പെടുത്തിയ എല്ലാ കേസുകളും പിന്‍വലിക്കും എന്നിവയായിരുന്നു അന്നത്തെ വാഗ്ദാനങ്ങള്‍.
എന്നാല്‍ മൂലമ്പിള്ളിയിലെ ജനങ്ങളെ സര്‍ക്കാര്‍ ആടിയോടിച്ചിട്ട് പത്തു വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നിട്ടും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ താമസിക്കുന്നത് താല്‍ക്കാലിക ഷെഡുകളിലോ വാടകയ്‌ക്കെടുത്ത വീടുകളിലോ ആണ്. പദ്ധതിയില്‍ വാഗ്ദാനം ചെയ്ത തൊഴിലും ആര്‍ക്കും ഇന്നേവരെ നല്‍കിയിട്ടില്ല. സമരസമയത്ത് രേഖപ്പെടുത്തിയ കേസുകളും പിന്‍വലിച്ചിട്ടില്ല. ഇതെല്ലാം മുന്നിലുള്ളപ്പോഴാണ് 15 ലക്ഷത്തോളം വരുന്ന ജനങ്ങളെ പുനരധിവാസം സംബന്ധിച്ച് കൃത്യമായ ഒരു പ്രഖ്യാപനം പോലുമില്ലാതെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
Next Story

RELATED STORIES

Share it