malappuram local

ദേശീയപാത വികസനം; അതിര്‍ത്തി തിരിക്കല്‍ പൂര്‍ത്തീകരിച്ചത്്് യുദ്ധകാലാടിസ്ഥാനത്തില്‍

മലപ്പുറം: പ്രതിസന്ധിയിലായിരുന്ന ജില്ലയിലെ ദേശീയപാത വികസന സ്ഥലമെടുപ്പിനായി അതിര്‍ത്തി തിരിക്കല്‍ പൂര്‍ത്തീകരിച്ചത് ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണ്‍ നേതൃത്വം നല്‍കുന്ന സംഘം. മറ്റു ജില്ലകളിലെല്ലാം ദേശീയപാത-17 ന്റെ വികസനത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടന്നതിനായി സ്ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയെങ്കിലും മലപ്പുറം ജില്ലയില്‍ പ്രാഥമിക നടപടിയായ അതിര്‍ത്തി തിരിക്കല്‍ പൂര്‍ത്തീകരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ജില്ലയിലെ 23 വില്ലേജുകളില്‍ നിന്നായി 25 ദിവസം കൊണ്ട് 76.5 കിലോമീറ്റര്‍ ദൂരത്തില്‍ റെക്കോര്‍ഡ് വേഗത്തിലാണ് കഴിഞ്ഞ ദിവസം നടപടി പൂര്‍ത്തിയാക്കിയത്. അടുത്ത ഘട്ടത്തില്‍ ഓരോ സര്‍വേ നമ്പറിലെയും ഭൂവുടമസ്ഥര്‍ക്കും എത്ര ഭൂമി നഷ്ടപ്പെടുമെന്നു കണ്ടെത്താനായി കൃത്യമായ റവന്യൂ അളവെടുപ്പ്് നടക്കും. തുടര്‍ന്നു നഷ്ടപരിഹാരം നല്‍കല്‍, ഭൂമി ഏറ്റെടുക്കല്‍ എന്നിവ നടക്കും. ഈ മാസം തിരൂര്‍ താലൂക്കിലും അടുത്ത മാസം തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലും ഈ പ്രക്രിയ പൂര്‍ത്തീകരിക്കും. മെയ് മാസം തന്നെ 3 ഡി വിജ്ഞാപനവും ഇറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന്് പദ്ധതിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. 2009 ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലും 3എ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയെങ്കിലും കാലാവധി പൂര്‍ത്തിയാതിനാല്‍ സര്‍വേ നടപടികളിലേക്ക് കടക്കാനായിരുന്നില്ല. പിന്നീട് 2011 ഡിസംബര്‍, 2012 ജനുവരി മാസങ്ങളില്‍ വീണ്ടും വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി 2012 മെയ് 10 ന് ഭൂവുടമകളുടെ പരാതി കേള്‍ക്കാനായി വിചാരണ നിശ്ചയിച്ചു. എന്നാല്‍, പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നു നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്നു 2013 ജനുവരി, ഏപ്രില്‍ മാസങ്ങളിലും 3എ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയെങ്കിലും കാലാവധി പൂര്‍ത്തിയാതിനാല്‍ സര്‍വേ നടപടികളിലേക്ക് കടക്കാനായിരുന്നില്ല.
2013 നവംബറില്‍ കുറ്റിപ്പുറത്തുനിന്നു വീണ്ടും സര്‍വേ നടപടി ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വാങ്ങുകയായിരുന്നു. ഇങ്ങനെ മൂന്നു തവണ മാറ്റിവച്ച നടപടികളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനായത്. നേരത്തെ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നപ്പോള്‍ സ്ഥലമെടുപ്പ് ചുമതലയുണ്ടായിരുന്ന അന്നത്തെ സബ് കലക്ടര്‍ അമിത് മീണ കലക്ടറായും അന്നത്തെ കലക്ടര്‍ കെ ബിജു ദേശീയപാത വികസന പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫിസറായും വന്നതും രണ്ടു പേര്‍ക്കും പദ്ധതിയുടെ പ്രതിസന്ധികളെ കുറിച്ച് കൃത്യമായ വിവരങ്ങളറിയാമെന്നതും മേല്‍നോട്ടത്തിനു സഹായകരമായി. പദ്ധതിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണിന്റെ സാന്നിധ്യം ജീവനക്കാര്‍ക്ക് ഊര്‍ജം പകര്‍ന്നു. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ടീം, ദേശീയപാത അതോറിറ്റിയുടെ നാല് ടീം, ജില്ലാ പോലിസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലും തിരൂര്‍, മലപ്പുറം ഡിവൈഎസ്പിമാരുടെ നിയന്ത്രണത്തിലുമായി 450 പോലിസുകാരുമുള്‍പ്പെടെ കൂട്ടായ പ്രവര്‍ത്തനങ്ങളും  നടപടി വേഗത്തിലാക്കി.
Next Story

RELATED STORIES

Share it