Flash News

ദേശീയപാത പുനരുദ്ധാരണം : കേന്ദ്രമന്ത്രിക്കു കത്തു നല്‍കി - മന്ത്രി ജി സുധാകരന്‍



തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ലെ പല ഭാഗങ്ങളിലും അടിയന്തരമായി റീടാറിങ് നടത്തുന്നതിനുള്ള ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തു നല്‍കിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. പലയിടത്തും റീടാറിങ് നടത്തിയിട്ട് മൂന്നര വര്‍ഷത്തിലധികമായി. ഇതിന്റെ നഷ്‌ടോത്തരവാദിത്ത കാലാവധി തീര്‍ന്ന് ഉപരിതലം പുതുക്കിപ്പണിയേണ്ട കാലം കഴിഞ്ഞു. ഈ റോഡുകള്‍ റീടാറിങ് നടത്തി പുനരുദ്ധരിക്കുന്നതിനുള്ള ഫണ്ട് നല്‍കേണ്ടതും കൃത്യമായി പരിപാലിക്കുന്നതിനുള്ള തുക നല്‍കേണ്ടതും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ്. എങ്കിലും സംസ്ഥാന ബജറ്റില്‍ ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ക്കായി നിശ്ചിത തുക ഓരോ വര്‍ഷവും നീക്കിവയ്ക്കുന്നുണ്ട്. ആ തുക ഉപയോഗിച്ച് നിലവില്‍ തകര്‍ന്ന റോഡുകളില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയതായും മന്ത്രി പറഞ്ഞു. എന്നാല്‍, ഇത് അപര്യാപ്തമാണ്. ദേശീയപാത 66 നാലുവരിപ്പാത ആക്കുന്നതിന്റെ നടപടികള്‍ തുടരുന്നതിനാല്‍ ഉപരിതലം പുതുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പണം അനുവദിച്ചുനല്‍കിയിട്ടില്ല. നാലുവരിപ്പാത വികസനത്തിന്റെ ലാന്‍ഡ് അക്വിസിഷന്‍ നടപടികളാണ് പ്രധാനമായും ഇപ്പോള്‍ നടക്കുന്നത്. ആയതിനാല്‍ ഇപ്പോഴുള്ള റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര പ്രാധാന്യത്തോടെ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. അടിയന്തരമായി പ്രവൃത്തി നടത്തേണ്ട റോഡുകളുടെ പട്ടിക ഉള്‍പ്പെടെ പൊതുമരാമത്തു വകുപ്പ് അനുമതിക്കായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പില്‍ നല്‍കിയിട്ടുണ്ട്. ഇതിനു കാലതാമസമില്ലാതെ അനുമതി നല്‍കണമെന്നും നാലുവരിപ്പാത വികസനത്തിന്റെ പേരില്‍ തടസ്സമുണ്ടാവരുതെന്നും മന്ത്രി ജി സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it