palakkad local

ദേശീയപാത നിര്‍മാണം; പ്രതിസന്ധി രൂക്ഷമാവുന്നു

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത നിര്‍മാണം ഒരോ ദിവസവും വിവിധ പ്രതിസന്ധികള്‍ നേരിടുകയാണ്. ഇന്നലെ വാഹന ഉടമകള്‍ കരാര്‍ കമ്പനിയുടെ ഓഫിസ് പൂട്ടി സമരം നടത്തി. കുതിരാന്‍ തുരങ്ക നിര്‍മാണം നിലച്ചിട്ടും 20ദിവസം പിന്നിട്ടു. ദേശീയപാതാ നിര്‍മാണത്തിന് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് വാടക നല്‍കാത്തതിനെ തുടര്‍ന്ന് ഇന്നലെ ഉടമകള്‍ കരാര്‍ കമ്പനിയുടെ ഓഫിസ് അടച്ച് പൂട്ടി മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഓഫിസ് ആവശ്യങ്ങള്‍ക്കായി ഓടുന്ന കാര്‍, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങളുടെ ഉടമകളാണ് സമരവുമായി രംഗത്തെത്തിയത്.
ടിപ്പര്‍ ലോറി, ടോറസ് തുടങ്ങിയ ചരക്ക് വാഹനങ്ങളുടെ ഉടമകള്‍ സമരത്തിനിറങ്ങിയിട്ടില്ലാത്തതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ നിലച്ചില്ല. കാര്‍, ജീപ്പ് ഉള്‍പ്പെടെയുളള വാഹനങ്ങളുടെ ഉടമകള്‍ക്ക് അഞ്ച് മാസത്തെ കുടിശ്ശികയാണ് നല്‍കാനള്ളത്. വെള്ളിയാഴ്ച കുറച്ച് വാടകയെങ്കിലും തരാമെന്ന ഉറപ്പിന്മേല്‍ ഇവര്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചെങ്കിലും ഇന്നലെ വാഹനങ്ങള്‍ ഓടിയില്ല. ഇവരോടൊപ്പം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് രാജിവച്ച നാല്‍പതോളം തൊഴിലാളികളും കൂടിയതോടെ സമരം ശക്തമായി.
നാല് മാസത്തെ ശമ്പളമാണ് ഈ തൊഴിലാളി കള്‍ക്ക് ലഭിക്കാനുള്ളത്. വലിയ വാഹന ഉടമകള്‍ സമരം നടത്തിയിരുന്നെങ്കിലും 20നകം ശമ്പളം നല്‍കാമെന്ന ഉറപ്പില്‍ പിന്മാറി. ഓരോ ദിവസവും ഒരു വിഭാഗം തൊഴിലാളികളും വാഹന ഉടമകളും സമരവുമായി എത്തുമ്പോഴും ശാശ്വതമായി പ്രശ്‌നം പരിഹാരമുണ്ടാക്കാന്‍ കരാര്‍ കമ്പനിയോ ദേശീയപാതാ അതോരിറ്റിയോ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതാ നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ പ്രവൃത്തിയും ഇടയ്ക്കിടെ മുടങ്ങുകയാണ്. ദേശീയപാതാ കരാറെടുത്തിരിക്കുന്ന കെഎംസി കമ്പനി തുരങ്കത്തിന്റെ ഉപ കരാര്‍ പ്രഗതി കമ്പനിക്കാണ് നല്‍കിയിരുന്നത്. എന്നാല്‍, മുഖ്യ കരാറുകാരന്‍ പ്രഗതികമ്പനിക്ക് യഥാസമയം പണം നല്‍കാത്തതിനാല്‍ തുരങ്ക നിര്‍മാണവും മന്ദഗതിയിലാണ്.
Next Story

RELATED STORIES

Share it