ദേശീയപാത നാലുവരിയാക്കല്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം സ്ഥലമെടുപ്പ് വിജ്ഞാപനമായി

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 നാലുവരിയാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സ്ഥല മെടുപ്പിനുള്ള 3 എ വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഗസറ്റ് വഴി പ്രസിദ്ധീകരിച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുതല്‍ ഓച്ചിറ വരെയുള്ള 81.600 കിലോമീറ്ററിന്റെയും കൊല്ലം ജില്ലയില്‍ വരുന്ന ഓച്ചിറക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള 56.300 കിലോമീറ്ററിന്റെയും തിരുവനന്തപുരം ജില്ലയിലെ 1120 മീറ്റര്‍ നീളമുള്ള കഴക്കൂട്ടം ഫ്‌ളൈ ഓവറിന്റെയും ഭൂമിയെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനമാണ് ഫെബ്രുവരി 9, 15 തിയ്യതികളിലായി പ്രസിദ്ധീകരിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 17നു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ഉപരിതല ഗതാഗത സെക്രട്ടറി, ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ എന്നിവരുമായി മന്ത്രി ജി സുധാകരന്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ആലപ്പുഴ, കൊല്ലം ജില്ലകളിലെ ദേശീയപാത വികസനത്തിനുള്ള ഭൂമിയെടുപ്പ് വിജ്ഞാപനം ഫെബ്രുവരി 15നുള്ളില്‍ ഇറക്കാമെന്നു സമ്മതിച്ചു.
കേന്ദ്രമന്ത്രിയുടെ നിര്‍ദേശാനുസരണം ഇതുസംബന്ധിച്ച് കേരളത്തില്‍ യോഗം നടത്തുകയും ഓരോ ഘട്ടവും പൂര്‍ത്തീകരിക്കാനാവുന്നതിന്റെ സമയക്രമം തീരുമാനിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ കാലതാമസമില്ലാതെ വിജ്ഞാപനമിറക്കി വാക്കുപാലിച്ചതിനു കേന്ദ്രമന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
തലശ്ശേരി-മാഹി ബൈപാസ് പ്രാരംഭ പണികള്‍ ആരംഭിച്ചു. കോഴിക്കോട് ബൈപാസിന്റെ ടെന്‍ഡര്‍ അംഗീകരിച്ചു. അനുമതിപത്രം കരാര്‍ കമ്പനിക്ക് ഉടന്‍ നല്‍കും. കാസര്‍കോട് ജില്ലയിലെ നീലേശ്വരം റെയില്‍വേ മേല്‍പ്പാലത്തിന്റെ ടെന്‍ഡര്‍ അംഗീകരിച്ചതായി അറിയിപ്പ് ലഭിച്ചതായും മന്ത്രി അറിയിച്ചു.
ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ ദേശീയപാത വികസനപ്രവൃത്തി പൂര്‍ത്തീകരിക്കാനാവുന്നവിധത്തില്‍ കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ജില്ലകളിലെ ജില്ലാ കലക്ടര്‍മാരും ഭൂമിയെടുപ്പിനായി നിയോഗിക്കപ്പെട്ട പ്രത്യേക ഓഫിസുകളും സംസ്ഥാനതലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും നിയോഗിച്ച സംസ്ഥാനതല കാല ഓഫിസറും ഇതിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it