ദേശീയപാത തണ്ടലത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം

എടപ്പാള്‍: കുറ്റിപ്പുറം-പൊന്നാനി ദേശീയപാതയില്‍ കാലടി തണ്ടലത്തിനു സമീപം പന്താപാലത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. തണ്ടലം സ്വദേശി ചേമ്പിലകത്ത് മുഹമ്മദ് (65), ഇയാളുടെ ബന്ധു ചേമ്പിലകത്ത് ഉമ്മര്‍ (55), കുറ്റിപ്പുറം മൂടാല്‍ ചെല്ലൂര്‍കുന്നത്ത് വാസുവിന്റെ മകന്‍ അഭിലാഷ് (24) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂടാല്‍ സ്വദേശി ഷെല്‍വ(55)നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 5.15ഓടെയായിരുന്നു അപകടം. നരിപ്പറമ്പില്‍ നിന്നു തണ്ടലത്തെ വീട്ടിലേക്ക് വരുകയായിരുന്ന മുഹമ്മദും ഉമ്മറും യാത്രചെയ്ത സ്‌കൂട്ടറില്‍ പൊന്നാനിയില്‍ നിന്നു കുറ്റിപ്പുറം ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. മരണമടഞ്ഞ അഭിലാഷും ഷെല്‍വനും ബൈക്കിലാണ് യാത്ര ചെയ്തിരുന്നത്. എടപ്പാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മുഹമ്മദും ഉമ്മറും മരിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ അഭിലാഷിനെയും ഷെല്‍വനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുമണിക്കൂറിനകം അഭിലാഷും മരിച്ചു. അഭിലാഷിന്റെ മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഫാത്തിമയാണ് മരിച്ച മുഹമ്മദിന്റെ ഭാര്യ. മക്കള്‍: അബൂബക്കര്‍, റുഖിയ, ഐഷാബി, റസീന, അബ്ബാസ്. മരുമക്കള്‍: ഫൈസല്‍, ജലീല്‍, നൗഷാദ്, ഷിനിജ, ഫാത്തിമ. ആസ്യയാണ് മരിച്ച ഉമ്മറിന്റെ ഭാര്യ. മക്കള്‍: ഇര്‍ഷാദ്, നുസൈബ, ദില്‍ഷാദ്. മരുമക്കള്‍: ഷാഹുല്‍ ഹമീദ്, ഹസീന. എടപ്പാള്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു സംസ്‌കരിക്കും.
Next Story

RELATED STORIES

Share it