ദേശീയപാത: കേരളത്തിലെ ആദ്യ തുരങ്കം കുതിരാനില്‍

സുനു ചന്ദ്രന്‍ ആലത്തൂര്‍

വടക്കഞ്ചേരി: ദേശീയപാതയിലെ കേരളത്തിലെ ആദ്യ തുരങ്കത്തിന്റെ നിര്‍മാണം വടക്കഞ്ചേരിക്കടുത്ത കുതിരാനില്‍ പുരോഗമിക്കുന്നു. നിര്‍മാണം നടക്കുന്ന വടക്കഞ്ചേരി- മണ്ണുത്തി ആറുവരി പാതയിലാണ് ഇരട്ട തുരങ്കം നിര്‍മിക്കുന്നതിന്റെ ഭാഗമായി പാറ തുരന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായത്.
സമാന്തരമായ രണ്ടു തുരങ്കങ്ങളാണ് കുതിരാന്‍ മല തുരന്നു നിര്‍മിക്കുന്നത്. സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്. ഓരോ തുരങ്കത്തിലും മൂന്നു വരി പാതയാണു വരുക. പ്രത്യേക യന്ത്രമായ ബൂമര്‍ ഉപയോഗിച്ചാണ് പാറ തുരക്കുന്നത്. ഇതേവരെ നാലര മീറ്ററോളം പാറ തുരന്നുകഴിഞ്ഞു. തുടര്‍ പരിശോധനയ്ക്കു ശേഷം വരുംദിവസങ്ങളില്‍ കൂടുതല്‍ പാറ തുരക്കും. ഇരുമ്പുപാലത്തിനു സമീപത്തു നിന്ന് ആരംഭിക്കുന്ന ഇടതു തുരങ്കത്തിന്റെ ഭാഗത്തുള്ള പാറയാണ് പൊട്ടിച്ചുതുടങ്ങിയത്. ബൂമര്‍ ഉപയോഗിച്ച് കുഴികള്‍ നിര്‍മിച്ചശേഷം മരുന്നു നിറച്ചാണ് പാറ പൊട്ടിക്കുന്നത്. അര സെക്കന്‍ഡിന്റെ ഇടവേളകളില്‍ മരുന്നുനിറച്ച കുഴികളില്‍ സ്‌ഫോടനം നടക്കുന്നു. ട്ടുള്ളത്.
കുതിരാന്‍ മലയുടെ 50 മീറ്ററോളം അടിയിലൂടെ തുരങ്കം കടന്നുപോവും. 10 മീറ്റര്‍ ഉയരവും 14 മീറ്റര്‍ വീതിയുമാണ് തുരങ്കത്തിനുണ്ടാവുക. നീളം 915 മീറ്ററാണ്. കല്ല് ഇടിയാതിരിക്കാനായി തുരങ്കത്തിനുള്ളില്‍ മുകളിലും വശങ്ങളിലും ഇരുമ്പു കമ്പികളും ഇരുമ്പുപാളികളും ചേര്‍ത്ത് കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കും.
രണ്ട് തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ടാവും. തുരങ്കത്തിന്റെ മറുഭാഗമായ വഴുക്കുംപാറയില്‍ പാറ തുരക്കുന്നതിനായി മറ്റൊരു ബൂമര്‍ എത്തിക്കും. ഇരുഭാഗത്തു നിന്നുള്ള തുരങ്കനിര്‍മാണം മധ്യഭാഗത്തായി കൂട്ടിയോജിക്കും. ഏഴ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. 90 കോടി രൂപ ചെലവില്‍ പ്രഗതി ഗ്രൂപ്പാണ് തുരങ്കത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it