thrissur local

ദേശീയപാത കുതിരാന്‍ തുരങ്കം: 90 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമംനിര്‍മാണ പ്രവൃത്തികള്‍ നാളെ പുനരാരംഭിക്കും

മണ്ണുത്തി: ദേശീയപാത കുതിരാനിലെ തുരങ്കനിര്‍മാണ പ്രവര്‍ത്തികള്‍ നാളെ മുതല്‍ പുനരാരംഭിക്കും. 90 ദിവസത്തെ അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായി. കഴിഞ്ഞ ഫെബ്രുവരി 24 മുതലാണ് തുരങ്കനിര്‍മാണവുമായി ബന്ധപ്പെട്ട സ്തംഭനാവസ്ഥ ആരംഭിച്ചത്. ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുത്ത കരാര്‍ കമ്പനിയായ കെഎംസി, തുരങ്കനിര്‍മാണം നടത്തുന്ന പ്രഗതി വര്‍ക്‌സിന് കോടിക്കണക്കിന് രൂപയുടെ കുടിശിക നല്‍കാത്തതിനെ തുടര്‍ന്നാണ് നിര്‍മാണ പ്രവൃത്തികള്‍ തടസപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷമായി നാല്‍പത് കോടിയോളം രൂപയാണ് കെഎംസി, തുരങ്കനിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത മുംബൈ പ്രഗതി വര്‍ക്‌സിന് നല്‍കാനുണ്ടായിരുന്നത്.
തുരങ്കനിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി തീര്‍ക്കാന്‍ ഇടപെടുമെന്ന് വ്യവസായ മന്ത്രി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു കമ്പനികളുടെയും മാനേജിങ്ങ് ഡയറക്ടര്‍മാര്‍ തമ്മില്‍ നടത്തിയ കൂടികാഴ്ചയെ തുടര്‍ന്ന് പ്രതിസന്ധിക്ക് പരിഹാരമായത്.
ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ദേശീയപാത നിര്‍മാണ കരാര്‍ കമ്പനിയായ കെഎംസി വ്യാഴാഴ്ച മുതല്‍ കുടിശിക തുക നല്‍കിത്തുടങ്ങിയതായി തുരങ്ക നിര്‍മാണ കമ്പനി വക്താവ് പറഞ്ഞു സംസ്ഥാനത്തെ ആദ്യത്തെ ആറുവരി പാതയായ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാനില്‍ ഭൂഗര്‍ഭപാത നിര്‍മാണം 2016 മെയ് 13 നാണ് ആരംഭിച്ചത്.
ഒരു വര്‍ഷം കൊണ്ട് ആദ്യ തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. 14 മീറ്റര്‍ വീതിയില്‍ 10 മീറ്റര്‍ ഉയരത്തില്‍ 920 മീറ്ററാണ് തുരങ്കത്തിന്റെ നീളം. തുരങ്കനിര്‍മാണം പൂര്‍ത്തിയാക്കി 2017 സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യാനായിരുന്നു തീരുമാനം. തുരങ്കത്തിന്റെ കവാടത്തിലുള്‍പ്പെടെ നാല് കേന്ദ്രങ്ങളില്‍ പാറപൊട്ടിക്കുന്നതിനുള്ള അനുമതി ലഭിക്കാനുള്ള കാലതാമസവും നിര്‍മാണ പ്രവര്‍ത്തികള്‍ മാസങ്ങളായി തടസപ്പെട്ടതും തുരങ്ക നിര്‍മാണ പ്രവര്‍ത്തികള്‍ വീണ്ടും അനിശ്ചിത്വത്തിലാക്കുകയായിരുന്നു.
തൊള്ളായിരം കോടി നിര്‍മാണ ചെലവ് പ്രതീക്ഷിച്ച പദ്ധതിയാണ് പൂര്‍ത്തികരിക്കാനാതെ അനിശ്ചിതത്വത്തിലായത്. വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ദേശീയപാത നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത കരാര്‍ കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.
ബിഒടി വ്യവസ്ഥയിലാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത് എന്നതിനാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ മുന്നോട്ട് കൊണ്ടുപോകേണ്ട ബാധ്യത ഇരു കമ്പനികള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇരു കമ്പനികളുടെയും പ്രതിനിധികള്‍ തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തുകയും പ്രശ്‌ന പരിഹാരത്തിന് വഴിതെളിയിക്കുകയും ചെയ്തത്.
Next Story

RELATED STORIES

Share it