ദേശീയപാത: ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മാണം തുടങ്ങും

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിനായി ഭൂമിയേറ്റെടുത്ത സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ തുടങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപാതാ അതോറിറ്റി പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയപാത അതോറിറ്റി പ്രതിനിധികളുമായി ഇന്നലെ സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി അന്വേഷിച്ചു. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രതിസന്ധികളും പ്രാദേശിക എതിര്‍പ്പുകളും ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പുനരധിവാസ പാക്കേജിലുണ്ടായ പാളിച്ചകള്‍ ജനരോഷം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിശദീകരിച്ചു. തുടര്‍ന്നാണ് ഭൂമിയേറ്റെടുത്ത സ്ഥലങ്ങളിലെ നിര്‍മാണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. നഷ്ടപരിഹാരപാക്കേജ്, കേന്ദ്രസഹായ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയായെങ്കിലും അന്തിമധാരണയായില്ല. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ദേശീയപാതാ അതോറിറ്റി റീജ്യനല്‍ ഓഫിസര്‍ രാജീവ് റെഡ്ഡി, കെഎസ്ടിപി പ്രൊജറ്റ് ഡയറക്ടര്‍ കെ പി പ്രഭാകരന്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ചീഫ് എന്‍ജിനീയര്‍ പി കെ സതീശന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം, ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുമ്പോള്‍ നിരവധി കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടമാവുമെന്നിരിക്കെ അനുയോജ്യമായ പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ദേശീയപാതാ വികസനത്തിന് ഇനി ചര്‍ച്ചയില്ലെന്നും 45 മീറ്ററില്‍ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനവും പ്രതിഷേധത്തിന് ഇടയാക്കി. ദേശീയപാത 17, 47 എന്നിവ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കണമെങ്കില്‍ ഏറ്റെടുക്കേണ്ടത് 1329 ഹെക്ടര്‍ സ്ഥലമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നഷ്ടപരിഹാരത്തിനായി പല പാക്കേജുകള്‍ ആലോചിച്ചെങ്കിലും ദേശീയപാതാ വികസനം പൂര്‍ത്തിയാക്കാനായില്ല. വിപണിവില നല്‍കി സ്ഥലം ഏറ്റെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കണ്ടെത്തേണ്ടിവരും. ദേശീയപാത അതോറിറ്റി അവരുടെ മാനദണ്ഡപ്രകാരം കണക്കാക്കുന്ന വില ഇവിടെ പ്രായോഗികമല്ലെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രാദേശിക എതിര്‍പ്പുകളെ മറികടന്ന് പദ്ധതി നടപ്പാക്കുകയെന്നത് സര്‍ക്കാരിന് വെല്ലുവിളിയാവും.
സ്ഥലമേറ്റെടുപ്പിന് എത്രതുക വേണ്ടിവരുമെന്ന് കൃത്യമായി കണക്കാക്കിയിട്ടില്ല. സെന്റിന് നാലുലക്ഷം വച്ച് കണക്കാക്കിയാല്‍പോലും 13,500 കോടിരൂപ വേണ്ടിവരും. എന്നാല്‍, എറണാകുളം ജില്ലയിലും മറ്റും കണ്ണായ സ്ഥലങ്ങളില്‍ നാലുലക്ഷത്തിന് സ്ഥലം ഏറ്റെടുക്കാനാവില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനവ്യാപകമായ ഏറ്റെടുക്കലിന് കൂടുതല്‍ തുക വേണ്ടിവരും. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിന് ഇത്രയും തുക താങ്ങാനാവില്ലെന്നതിനാല്‍ കേന്ദ്രത്തെ ആശ്രയിച്ചേ മതിയാവൂ. എന്നാല്‍, 45 മീറ്ററില്‍ താഴെ വീതിയില്‍ പാത വികസിപ്പിക്കാന്‍ സാമ്പത്തികസഹായം ലഭ്യമാവില്ലെന്നാണ് കേന്ദ്രനിലപാട്. ഇരുപാതകളിലുമായി 610 കിലോമീറ്ററാണ് ഇനി വികസിപ്പിക്കാനുള്ളത്. ഇതില്‍ വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ് 30 മീറ്ററെങ്കിലും വീതിയുള്ളത്. ദേശീയപാത 17ല്‍ തലപ്പാടി- കണ്ണൂര്‍ (130 കിമീ), കണ്ണൂര്‍- വെങ്ങളം(82 കിമീ), കുറ്റിപ്പുറം- ഇടപ്പള്ളി(121 കിമീ) ഭാഗങ്ങളാണ് അവശേഷിക്കുന്നത്. 421 കിലോമീറ്ററിലായി 977 ഹെക്ടര്‍ ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടിവരും. ദേശീയപാത 47ല്‍ 189.5 കിലോമീറ്ററിലായി 352 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്. ചേര്‍ത്തല- ഓച്ചിറ(86 കിമീ), ഓച്ചിറ- കഴക്കൂട്ടം (87 കിമീ) ഭാഗങ്ങളാണ് വികസിപ്പിക്കേണ്ടത്. കഴക്കൂട്ടം- മുക്കോല ബൈപാസിനൊപ്പം മുക്കോല മുതല്‍ തമിഴ്‌നാട് അതിര്‍ത്തിവരെയും(16.5 കിമീ) വികസിപ്പിക്കണം.
Next Story

RELATED STORIES

Share it