wayanad local

ദേശീയപാത ഉപരോധം നാളെ; ഒത്തുതീര്‍ക്കണമെന്നു വിഎസ്

ചുണ്ടേല്‍: ഹാരിസണ്‍ തോട്ടങ്ങളിലെ ബോണസ് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തുന്ന സമരം കരുത്താര്‍ജിക്കുന്നു. നാളെ ദേശീയപാത ഉപരോധിക്കും.
തോട്ടംതൊഴിലാളികള്‍ക്ക് അര്‍ഹമായ ബോണസ് നല്‍കാത്ത എച്ച്എംഎല്‍ മാനേജ്‌മെന്റ് നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് വയനാട് എസ്‌റ്റേറ്റ് യൂനിയന്‍ (സിഐടിയു) നടത്തുന്ന സത്യഗ്രഹ സമരത്തിന്റെ ഭാഗമായാണ് തൊഴിലാളികള്‍ പണിമുടക്കി ഉപരോധത്തിനിറങ്ങുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈത്തിരിയിലാണ് ദേശീയപാത ഉപരോധം. 14 ദിവസമായി ജനറല്‍ സെക്രട്ടറി പി ഗഗാറിന്‍ ചുണ്ടേല്‍ ഓഫിസിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കമ്പനിയുടെ മറ്റ് ഓഫിസുകള്‍ക്കു മുന്നില്‍ നടക്കുന്ന സമരവും ശക്തിപ്പെട്ടു. അരപ്പറ്റയില്‍ യു കരുണന്‍, ചൂരല്‍മലയില്‍ കെ ടി ബാലകൃഷ്ണന്‍, അച്ചൂരില്‍ സി എച്ച് മമ്മി എന്നിവര്‍ നടത്തുന്ന സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
2015-16 സാമ്പത്തിക വര്‍ഷത്തെ ബോണസ് വിതരണം ചെയ്യാനുള്ള കലാവധി അവസാനിക്കാന്‍ ഒരുമാസം മാത്രം അവശേഷിക്കെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കാതെ കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നത്. ജില്ലയിലെ മറ്റു തോട്ടങ്ങള്‍ മുഴുവനും അര്‍ഹമായ ബോണസ് നല്‍കിക്കഴിഞ്ഞു. തോട്ടം ഉടമകളുടെ സംഘടനയുടെ (എപികെ) നിയന്ത്രണം ഹാരിസണ്‍ കമ്പനിക്കാണ്. ഹാരിസണ്‍ കമ്പനിയുടെ വൈസ് ചെയര്‍മാനായ സി വിനയരാഘവനാണ് എപികെയെ നിയന്ത്രിക്കുന്നത്. ചര്‍ച്ചകള്‍ക്ക് തയ്യാറാവില്ലെന്ന കമ്പനിയുടെ നിലപാടിനെ തുടര്‍ന്നാണ് ബഹുജനങ്ങളെ അണിനിരത്തി സമരസഹായ സമിതി രൂപീകരിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്തുന്നത്.
ദേശീയപാത ഉപരോധത്തില്‍ മുഴുവന്‍ തൊഴിലാളികളും അണിനിരക്കണമെന്നു യൂനിയന്‍ അഭ്യര്‍ഥിച്ചു.
അതേസമയം, എച്ച്എംഎല്‍ തോട്ടംതൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന് കത്തയച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ബോണസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂനിയന്‍ (സിഐടിയു) അഞ്ചു മുതല്‍ സമരം നടത്തുകയാണ്. രണ്ടാഴ്ച കഴിഞ്ഞിട്ടും എച്ച്എംഎല്‍ മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് പോലും തയ്യാറായിട്ടില്ല.
ഈ പശ്ചാത്തലത്തില്‍ തോട്ടംതൊഴിലാളികളും കുടുംബാംഗങ്ങളും ചേര്‍ന്ന് നാളെ മുതല്‍ വൈത്തിരിയില്‍ അനിശ്ചിതകാല വഴിതടയല്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. തൊഴിലാളികളെ രൂക്ഷമായ സമരത്തിലേക്ക് തള്ളിവിടാതെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മന്ത്രി അടിയന്തരമായി ഇടപെടണമെന്നു വിഎസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it