Kollam Local

ദേശീയപാത; ഇരുവശത്ത് നിന്നും തുല്യ അളവില്‍ ഭൂമി ഏറ്റെടുക്കണമെന്ന് താലൂക്ക് വികസന സമിതി

കരുനാഗപ്പള്ളി:കരുനാഗപ്പള്ളിയില്‍ ദേശീയ പാത സ്ഥലമെടുപ്പിന് ഹൈവെയുടെ മധ്യത്തില്‍ നിന്നും ഇരുവശത്തേക്കും തുല്യമായി എടുക്കും വിധം അലൈന്‍മെന്റ് ക്രമീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കായംകുളം,ഓച്ചിറ,വയനയം,എവിഎച്ച്എസ് തഴവ ,മൈനാഗപ്പള്ളി,ശാസ്താംകോട്ട റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനസ്ഥാപിക്കണമെന്നും ക്ലാപ്പന എസ്‌വിഎച്ച്എസിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സൗകര്യപ്രദമാകും വിധം രാവിലെയും വൈകീട്ടും ഉള്ള കരുനാഗപ്പള്ളി പാട്ടത്തില്‍കടവ് ബസ് സര്‍വീസ് സമയക്രമം പരിഷ്‌കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതിയകാവ്- ചക്കുവള്ളി റോഡിലെ കൈയേറ്റം പൂര്‍ണമായും ഒഴിവാക്കുക, പുതിയകാവ്, പുത്തന്‍ തെരുവ് ഭാഗങ്ങളില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കുക, ചവറയില്‍ അത്യാധുനികതരത്തിലുള്ള സുപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിക്കുക, പുതിയകാവ് -തഴവ റൂട്ടില്‍ കാട്ടുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റം നിയന്ത്രിക്കുക, വൈകീട്ട് ആറിന് ശേഷവും വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തെയും ആശുപത്രിയിലെ ജനാലുകളും വാതിലുകളും തകര്‍ത്തതിനെയും സാധാരണക്കാരായ രോഗികള്‍ക്ക് ഇതുമൂലം നേരിട്ട പ്രയാസങ്ങളെയും യോഗം അപലപ്പിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ ഇനിയും ആവര്‍ത്തിക്കരുതെന്നും പ്രശ്‌നം സമാധാനപരമായി പരിഹരിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആര്‍ രാമചന്ദ്രന്‍ എംഎല്‍എ,എന്‍ വിജയന്‍പിള്ള എംഎല്‍എ, ഓച്ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കല്‍ മജീദ്, തഹസില്‍ദാര്‍ എന്‍ സാജിതാ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം അനില്‍ എസ് കല്ലേലിഭാഗം, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് ശ്രീലത, ലളിത, പി സെലീന പങ്കെടുത്തു.
Next Story

RELATED STORIES

Share it