malappuram local

ദേശീയപാത: ഇരകള്‍ക്കുള്ള പുനരധിവാസ പാക്കേജ് അപര്യാപ്തം

മലപ്പുറം: ദേശീയപാത വികസനത്തിനു സ്ഥലവും വീടും കെട്ടിടങ്ങളും തൊഴിലും നഷ്ടപ്പെടുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് അപര്യാപ്തമാണെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ നേതൃയോഗം ചൂണ്ടിക്കാട്ടി.
വീട് നഷ്ടപ്പെടുന്നവര്‍ക്കു പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മിച്ചു കൊടുക്കുമെന്നു പറയുന്നത് അപലപനീയമാണ്. നിലവിലുള്ള വീടിന്റെ നിലവാരത്തിലുള്ള വീടാണ് നിര്‍മിച്ചു കൊടുക്കേണ്ടത്. നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടി നല്‍കുമെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് ജില്ലാ ക ണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ആരോപിച്ചു. സര്‍ക്കാര്‍ പറയുന്ന വിപണി വില, മാര്‍ക്കറ്റ് വിലയുടെ പത്തിലൊന്ന് പോലും വരാത്ത ന്യായവിലയാണ്. ന്യായവിലയുടെ ഇരട്ടിയെന്നു പറയുന്നത് യഥാര്‍ഥ മാര്‍ക്കറ്റ് വിലയുടെ അഞ്ചില്‍ ഒരു ഭാഗമേ ഉണ്ടാവൂ. ഇക്കാര്യത്തില്‍ ഒളിച്ചുകളി നിര്‍ത്തിവെച്ച് സത്യസന്ധമായ സമീപനം സ്വീകരിക്കണമെന്ന് കണ്‍വീനര്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച കഴക്കുട്ടം  ഓച്ചിറ  ചേര്‍ത്തല റീച്ചിലുള്ള 140 കി. മീറ്ററില്‍ മൊത്തം റോഡ് നിര്‍മാണ പദ്ധതിക്കുള്ള എസ്റ്റിമേറ്റ് തുക ഏഴായിരം കോടിയോളമാണെങ്കില്‍ സ്ഥലത്തിനും കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ വകയിരുത്തിയിരിക്കുന്നത് വെറും 464 കോടി രൂപ മാത്രമാണ്. സെന്റിന് 8 മുതല്‍ 10 ലക്ഷം വരെ മാര്‍ക്കറ്റ് വിലയുള്ള ഭൂമിക്ക്, സെന്റിന് ഒരു ലക്ഷം രൂപ പോലും നല്‍കുവാനാവില്ല. ഇതില്‍ നിന്ന് തന്നെ കള്ളക്കളി വ്യക്തമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
വ്യാപാര സ്ഥാപനങ്ങള്‍ പൊളിക്കുന്നതു മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ആറുമാസത്തേക്ക് ആറായിരം രൂപ വീതം നല്‍കുമെന്നതു മനുഷ്യത്യ രഹിതമാണ്. അവര്‍ക്ക് മറ്റൊരു തൊഴില്‍ നല്‍കുകയോ തൊഴില്‍ ലഭിക്കുന്നത് വരെ മാസം ഇരുപതിനായിരം രൂപയോ ന ല്‍കണമെന്നും ആവശ്യപ്പെട്ടു. വി പി ഉസ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.
അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പി കെ പ്രദീപ് മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. ഷംസു പാലപ്പെട്ടി, അബു വെളിയങ്കോട്, അബ്ദുള്ളക്കുട്ടി ഐങ്കലം, മുഹമ്മദ് കുട്ടി രണ്ടത്താണി, വാഹിദ് സ്വാഗതമാട്, കോയാമു വെന്നിയുര്‍, തെങ്ങിലാന്‍ മുഹമ്മദ് കൊളപ്പുറം, എന്‍ കുഞ്ഞാലന്‍ ഹാജി മൂന്നിയൂര്‍, ടി പി തിലകന്‍, കെ പി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it