malappuram local

ദേശീയപാത അലൈന്‍മെന്റ് തര്‍ക്കത്തിന് പരിഹാരം



ചേളാരി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ചേളാരി മുതല്‍ പാണമ്പ്ര വരെയുള്ള തര്‍ക്കങ്ങള്‍ ഇന്നലെ ജില്ലാ കലക്ടറുടെ സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പരിഹരിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതി, പാണമ്പ്ര മഹല്ല് കമ്മിറ്റി, ചേളാരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ എന്നിവരുമായാണ് ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തിയത്. പുതിയ തീരുമാനമനുസരിച്ച് നിലവിലെ ഹൈവേയില്‍നിന്ന് പത്തര മീറ്റര്‍ പാണമ്പ്രയില്‍ പള്ളിയുടെ സ്ഥലം ഏറ്റെടുക്കും. പഞ്ചായത്ത് ഓഫിസ്, ചേളാരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ കെട്ടിടങ്ങള്‍ പരമാവധി സംരക്ഷിക്കുന്ന തരത്തിലുള്ള പുതിയ അലൈമെന്റ് എല്ലാവരും അംഗീകരിക്കുകയായിരുന്നു. എന്നാല്‍, വില്ലേജ് ഓഫിസ് കെട്ടിടവും ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടു കെട്ടിടങ്ങളും സമസ്ത ഓഫിസ് കെട്ടിടങ്ങളും നഷ്ടപ്പെടും. പാണമ്പ്രക്കും ചേളാരിക്കുമിടയില്‍ ഒരു വളവ് ഉണ്ടാക്കുകയും, സ്പീഡ് 100ല്‍ നിന്ന് 80 ആക്കി ചുരുക്കുകയും ചെയ്യും. ഈ അലൈമെന്റ് കൂടാതെ വേറെ നാല് അലൈന്‍മെന്റുകള്‍ കൂടി ജില്ലാ കലക്ടര്‍ പഞ്ചായത്ത് ഭരണസമിതിക്ക് മുമ്പാകെ വച്ചിരുന്നു. എന്നാല്‍, ചര്‍ച്ചയില്‍ ഉയര്‍ന്ന പുതിയ നിര്‍ദേശം എല്ലാവരും അംഗീകരിക്കുകയായിരുന്നു. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ് തോട്ടത്തില്‍, പഞ്ചായത്ത് അംഗം എ പി മുഹമ്മദ് സലിം, പള്ളി കമ്മിറ്റി ഭാരവാഹികളായ പി എം ബാവ, പി എം മൊയ്തീന്‍കോയ ഹാജി, ചേളാരി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ ഗോവിന്ദന്‍കുട്ടി, പ്രിന്‍സിപ്പല്‍ വി പി ഷബീര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it