kozhikode local

ദേശീയപാതാ സ്ഥലമെടുപ്പ് : സര്‍വ്വേ നാട്ടുകാര്‍ തടഞ്ഞു



വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി വീടുകള്‍ കയറി നടത്തിയ സര്‍വ്വേ നടപടികള്‍ കെടി ബസാറില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍  തടഞ്ഞു. മണിക്കൂറുകളോളം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ജില്ല കലക്ടറുടെ ഇടപെടലിനെത്തുടര്‍ന്ന് സര്‍വ്വേ താല്‍ക്കാലികമായി നിര്‍ത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഭൂമിയേറ്റെടുക്കല്‍ വിഭാഗം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള 7 അംഗസംഘം വീടുകളില്‍ കയറിയുള്ള സര്‍വ്വേക്കായി കെടി ബസാറിലെ മണിമന്ദിരത്തില്‍ സീതയുടെ വീട്ടിലെത്തിയത്. വീട് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പുനരധിവാസം മുന്‍കൂര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കാതെ ഒരു സര്‍വ്വേയും അനുവദിക്കില്ലെന്ന് വീട്ടുകാര്‍ സര്‍വ്വേ സംഘത്തെ ധരിപ്പിച്ചു. എന്നാല്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചവരെ അറസ്റ്റ്‌ചെയ്തു നീക്കി സര്‍വ്വേ നടത്തുമെന്ന് റവന്യു അധികൃതര്‍ പറഞ്ഞു. ഇത് വീട്ടുകാരും, സര്‍വ്വേക്കാരും തമ്മില്‍ ഏറെ നേരം വാക്കേറ്റത്തിന് കാരണമായി. വനിതാ പോലിസിന്റെ സഹായത്തോടെ അറസ്റ്റിനുള്ള നടപടികള്‍ക്കായി പോലിസ് തുടങ്ങിയിരുന്നു. വീട്ടിലുള്ള ബന്ധുക്കളെയും മറ്റും അറസ്റ്റുചെയ്യാനുള്ള നീക്കം നടക്കുന്നതായി ആരോപിച്ച് കര്‍മ്മ സമിതി പ്രവര്‍ത്തകരും, നാട്ടുകാരും വീട്ടിനുമുന്നില്‍ എത്തിയതോടെ പ്രശ്‌നം രൂക്ഷമായി. ഏറെ നേരം സര്‍വ്വേ ഉദ്യോഗസ്ഥരുമായി തര്‍ക്കവും നടന്നു. തുടര്‍ന്ന് സംഘര്‍ഷം വര്‍ദ്ധിച്ചതോടെ ജില്ലാ കലക്ടര്‍ യുവി ജോസ് സ്ഥലത്തെത്തിയതോടെ രംഗം ശാന്തമായി. കുടിയോഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ നാട്ടുകാരുമായി കലക്ടര്‍ ചര്‍ച്ച ചെയ്തു. 2013ലെ റൈറ്റ് ടു ഫോര്‍ കൊമ്പന്‍സേഷന്‍ റിഹാബിലിറ്റെഷന്‍ ആന്റ് റിസെറ്റില്‍മെന്റ് ആക്ട് പ്രകാരം സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. വീടുകളില്‍ നോടീസ് നല്‍കി മാത്രമേ സര്‍വ്വേ നടത്തുവുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ രീതിയില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച തലശ്ശേരി-മാഹി ബൈപാസിലെ അഴിയൂര്‍ മേഖലയിലെ ഭൂവുടമകള്‍ക്ക് ഇത്തരത്തിലുള്ള നഷ്ടപരിഹാരത്തുക അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈവേ അതോറിറ്റി വ്യക്തമാക്കിയതായി കര്‍മ്മസമിതി നേതാക്കള്‍ ചര്‍ച്ചയില്‍ പറഞ്ഞു. മതിയായ നഷ്ടപരിഹാരവും, പുനരധിവാസവും മുന്‍കൂര്‍ പ്രഖ്യാപിക്കാതെ ഒരു സര്‍വ്വേ നടപടികളും അംഗീകരിക്കില്ലെന്ന് കര്‍മ്മസമിതി വ്യക്തമാക്കി. ഒടുവില്‍ പോലിസും റവന്യു അധികൃതരും സര്‍വ്വേ നിര്‍ത്തി വച്ചു. സര്‍വ്വേക്കെത്തിയ റവന്യുസംഘം ഭീഷണിപ്പെടുത്തിയതായി വീട്ടുകാര്‍ കലക്ടരോട് പരാതിപ്പെട്ടു. ചര്‍ച്ചകളില്‍ സിപിഐ ജില്ലാ കമ്മിറ്റി അംഗം ആര്‍ സത്യന്‍, ആര്‍എംപി നേതാവ് ടികെ സിബി, കര്‍മ്മസമിതി ചോറോട് പഞ്ചായത്ത് സെക്രട്ടറി കെസി സുരേഷ് ബാബു, വ്യാപാരി വ്യവസായ സമിതി ജില്ല സെക്രട്ടറി സികെ വിജയന്‍ പങ്കെടുത്തു. ദേശീയപാത സ്ഥലമെടുപ്പിന്റെ മറവില്‍ നഷ്ടപ്പെടുന്ന ഭൂവുടമകളെ ഭീഷണിപ്പെടുത്തുന്ന നടപടികള്‍ റവന്യു വകുപ്പും, പോലിസും അവസാനിപ്പിക്കണമെന്ന് കര്‍മ്മസമിതി താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇടതുപക്ഷം ഭരണം നടത്തുമ്പോള്‍ നടക്കുന്ന ഇത്തരം കാടത്തരം വേദനാജനകമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പികെ നാണു അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണക്കുറുപ്പ് കൈനാട്ടി, പ്രദീപ് ചോമ്പാല, വികെ ഭാസ്‌കരന്‍, കെ ജനാര്‍ദ്ദനന്‍, കെ ബൈജു, കെസി സജീവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it