kozhikode local

ദേശീയപാതാ സ്ഥലമെടുപ്പ്‌സംഘര്‍ഷം സൃഷ്ടിക്കുമെന്ന് പോലിസ് രഹസ്യാന്വേഷണ റിപോര്‍ട്ട്‌

വടകര: മാര്‍ക്കറ്റ് വിലയും, പുനരധിവാസവും ഉറപ്പ് വരുത്താതെ അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള ദേശീയപാതാ സ്ഥലമെടുപ്പിന്റെ ഭാഗമായി കുടിയൊഴിപ്പിക്കല്‍ നടപടികള്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്ന് പോലിസ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കി. കീഴാറ്റൂരില്‍ നടന്ന ബൈപാസ് സമരം സംസ്ഥാന സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വിഭാഗം സമഗ്ര റിപോര്‍ട്ട് ഉയര്‍ന്ന പോലിസ് അധികാരികള്‍ക്ക് നല്‍കിയത്.
സ്ഥലമെടുപ്പ് നടപടികള്‍ ചെറുക്കാനും, വീടുകള്‍ നഷ്ടപ്പെടുന്നവര്‍ ഒരുകാരണവശാലും ഒഴിയാന്‍ പാടില്ലെന്നും കര്‍മ്മ സമിതി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ ഉയര്‍ന്ന വില നല്‍കുമെന്ന റവന്യൂ ഉദേ്യാഗസ്ഥരുടെ ഉറപ്പില്‍ വിശ്വസിച്ചാണ് പലയിടത്തും സ്ഥലമുടമകള്‍ സര്‍വേ സമ്മതിച്ചതും, രേഖകള്‍ കൈമാറിയതും. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇവരും സമരത്തിനൊപ്പം നില്‍ക്കുന്നത് ഏറെ തലവേദന സൃഷ്ടിക്കുമെന്നും തുടര്‍ന്ന് പറയുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത് സാഹചര്യത്തില്‍ കോണ്‍ഗ്രസ്സും, ലീഗും,  ബിജെപി അടക്കമുള്ള കക്ഷികള്‍ സമരസംഘടനകളെ സഹായിക്കാന്‍ സാധ്യത നിലനില്‍ക്കുന്നതായി റിപോര്‍ട്ടില്‍ വ്യക്തമാക്കി.
അതിനിടയില്‍ സമരം ശക്തിപ്പെടുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സമരസംഘടനകള്‍ ഹര്‍ത്താല്‍ നടത്താന്‍ നീക്കം തുടങ്ങിയതായും സൂചനയുണ്ട്. എന്നാല്‍ നേരത്തെ 30 മീറ്റര്‍ വീതിയില്‍ പാത വികസിപ്പിക്കണമെന്ന ആവശ്യം സ്ഥലം നഷ്ടപ്പെടുന്നവരും, സമരം നടത്തുന്ന കര്‍മ്മ സമിതിയും തള്ളിക്കളഞ്ഞതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കര്‍മ്മസമിതി നേതാക്കളുടെ നീക്കങ്ങള്‍ പോലിസ് നിരീക്ഷണത്തിലാണ്. ജില്ലയില്‍ അറുപതു ശതമാനം സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
Next Story

RELATED STORIES

Share it