malappuram local

ദേശീയപാതാ വികസനം: സ്‌പെഷ്യല്‍ തഹസില്‍ദാര്‍ യൂനിറ്റ് പൊന്നാനിയിലേക്കു മാറ്റും

മലപ്പുറം: ജില്ലയില്‍ ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (ലാന്റ് അക്വിസിഷന്‍) ഓഫീസ് പൊന്നാനി മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി പൊന്നാനിയില്‍ നിന്നും ദീര്‍ഘദൂരം സഞ്ചരിച്ച് കോട്ടയ്ക്കലില്‍ എത്തേണ്ടി വരുന്നുവെന്ന പൊതുജനങ്ങളുടെ പരാതിക്ക് ഇതോടെ പരിഹാരമാവും.
സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസ് പൊന്നാനി മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റണമെന്ന് സ്പീക്കല്‍ പി ശ്രീരാമകൃഷ്ണനടക്കമുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കോട്ടയ്ക്കലിലാണ് ജില്ലയിലെ ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട  എല്ലാ ഓഫിസുകളും പ്രവര്‍ത്തിക്കുന്നത്. ഡെപ്യൂട്ടി കലക്ടര്‍ (ലാന്റ് അക്വിസിഷന്‍) ഓഫിസ്,തിരൂര്‍,പൊന്നാനി, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകള്‍ക്കായി മൂന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ ഓഫിസുകള്‍ തുടങ്ങിയവയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.  ജില്ലയില്‍ ദേശീയ പാത കടന്നു പോകുന്ന ഇടിമൂഴിക്കല്‍ മുതല്‍ പൊന്നാനി കാപ്പിരിക്കാട് വരെയുള്ള 76.6 കിലോമീറ്റര്‍ ദൂരത്തുള്ള ജനങ്ങളും നിലവില്‍ കോട്ടയ്ക്കലിലെ ഓഫിസിനെയാണ് ആശ്രയിക്കുന്നത്. പൊന്നാനി ഭാഗത്തു നിന്നും വരുന്നവര്‍ക്ക് 50 ലേറെ കിലോമീറ്റര്‍ സഞ്ചരിച്ചു വേണം ഇവിടെയെത്താന്‍. പൊന്നാനി മിനി സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയിലെ 1/223, 1/224 മുറികളിലാണ് പൊന്നാനി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (ലാന്റ് അക്വിസിഷന്‍- എന്‍എച്ച്) ഓഫിസ് സജ്ജീകരിക്കുക. ഒരാഴ്ചക്കുള്ളില്‍ ഓഫിസ് ഇവിടേക്ക് മാറ്റാനാണ് കലക്ടറുടെ നിര്‍ദ്ദേശം.
Next Story

RELATED STORIES

Share it