kasaragod local

ദേശീയപാതാ വികസനം: വേണ്ടത് 3500 കോടി; അനുവദിച്ചത് 13 കോടി

കാസര്‍കോട്: ദേശീയപാത നാലു വരിയാക്കുന്നതിന്റെ ഭാഗമായി സ്ഥലം വിട്ടുനല്‍കേണ്ടി വരുന്നവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടത് 3,500 കോടി രൂപ. എന്നാല്‍ ജില്ലക്ക് കേന്ദ്ര സര്‍ക്കാര്‍ ആകെ അനുവദിച്ചത് 13 കോടി രൂപ മാത്രം. ഇതില്‍ വിതരണം ചെയ്തത് നാല് കോടി. തലപ്പാടി മുതല്‍ കാലിക്കടവ് വരേയുള്ള 33 വില്ലേജുകളിലൂടെയാണ് ദേശീയ പാത കടന്നു പോകുന്നത്.
ഇതില്‍ 110 ഹെക്ടര്‍ ഏകദേശം 300 ഓളം ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. 2,100ലധികം കെട്ടിടങ്ങള്‍ പൊളിച്ച് നീക്കേണ്ടി വരും. 42 ആരാധാനാലയങ്ങളും പൊളിച്ച് നീക്കേണ്ടി വരും. ഇവയ്ക്ക് മൊത്തം നഷ്ടപരിഹാരമായാണ് 3500 കോടി രൂപ ദേശീയപാത ലാന്റ് അക്വിസിഷന്‍ വിഭാഗം തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചത്. എന്നാല്‍ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ച് നീക്കേണ്ട ആരാധനാലയങ്ങള്‍ക്ക് പുനര്‍നിര്‍മാണത്തിന് മുഴുവന്‍ ചിലവും വഹിക്കണമെന്ന് ആരാധനാലയ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടതോടെ ഇത് സംബന്ധിച്ച് സര്‍ക്കാറിന്റെ മറുപടിക്ക് കത്ത് നല്‍കിയിരിക്കുകയാണെന്ന് ലാന്റ് അക്വിസേഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ തേജസിനോട് പറഞ്ഞു.
എന്നാല്‍ നിലവിലുളള അലൈന്‍മെന്റില്‍ മാറ്റം വരുത്തിയാല്‍ നഷ്ടപരിഹാര തുക കുറയ്ക്കാനാവും. നീലേശ്വരം പള്ളിക്കര പാലര കീഴില്‍ ക്ഷേത്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
അതേസമയം നിലവിലുള്ള അലൈന്‍മെന്റില്‍ ചില സ്ഥലങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന് ദേശീയപാതാ വികസനത്തില്‍ കുടിയിറക്കപ്പെടുന്നവരുടെ ആനുകൂല്യങ്ങള്‍ക്കായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. റെയില്‍വേയുടെ സ്ഥലം ഉള്‍പ്പെടുന്ന ബന്തിയോട് മുട്ടത്തും, മൊഗ്രാലിലും അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി അധികൃതര്‍ സമ്മതിക്കുന്നുണ്ട്.
ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടി ഒഴിപ്പിക്കുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് ഒരുക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്. നിലവില്‍ പത്തും അഞ്ചും സെന്റ് സ്ഥലത്ത് വീട് കെട്ടി താമസിക്കുന്നവരെ നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് കുടിയൊഴിപ്പിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്. 2,100 ഓളം കെട്ടിടങ്ങളാണ് ജില്ലയില്‍ റോഡ് വികസനത്തിനായി പൊളിച്ചുനീക്കേണ്ടി വരുന്നത്.
എന്നാല്‍ പ്രസ്തുത കെട്ടിടങ്ങളുടെ താക്കോലും രേഖകളും ആദ്യം ലാന്റ് അക്വിസിഷന്‍ വിഭാഗത്തില്‍ ഏല്‍പിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. നഷ്ടപരിഹാരം തിട്ടപ്പെടുത്താതെ കെട്ടിടങ്ങള്‍ ഒഴിഞ്ഞു കൊടുക്കില്ലെന്ന നിലപാടിലാണ് ഉടമകള്‍. ഇതോടെ ദേശീയ പാത വികസനം അനിശ്ചിതത്വത്തിലാവുമെന്ന് അവസ്ഥയിലാണ്.
മാത്രവുമല്ല മറ്റെല്ലാ ജില്ലകളിലും ടൗണുകളെ ഒഴിവാക്കി ബൈപാസുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കാസര്‍കോട് നഗരത്തിലെ കെട്ടിടങ്ങള്‍ പൊളിക്കാതെ തന്നെ വിദ്യാനഗര്‍ ചൗക്കി വഴി ബൈപാസ് നിര്‍മിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ റോഡ് വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ കാണിക്കുന്ന അവഗണന ജില്ലയിലെ ദേശീയ പാതാ വികസനത്തിന് തിരിച്ചടിയാവുന്നു.
Next Story

RELATED STORIES

Share it