thiruvananthapuram local

ദേശീയപാതാ വികസനം: വസ്തുവിന്റെ അലൈന്‍മെന്റില്‍ ക്രമക്കേട്

എം എം അന്‍സാര്‍

കഴക്കൂട്ടം: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്റെ അലൈന്‍മെന്റില്‍ ക്രമക്കേടെന്നു കണ്ടെത്തല്‍. അലൈന്‍മെന്റില്‍ ക്രമക്കേട് വരുത്തിയ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജപ്പന്‍ നായര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ഭാഗത്തേക്കുള്ള അലൈന്‍മെന്റിലാണ് ഡെപ്യൂട്ടി തഹസില്‍ദാറായ കഴക്കൂട്ടം സ്വദേശി രാജപ്പന്‍ നായര്‍ വന്‍ ക്രമക്കേട് വരുത്തിയതായി കലക്ടര്‍ കണ്ടെത്തിയത്.
കഴക്കൂട്ടം ദേശീയപാതയോടു ചേര്‍ന്നുള്ള സ്വന്തം വസ്തുവും കെട്ടിടവും സംരക്ഷിക്കുന്നതിനായി ഇതിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന കഴക്കൂട്ടം ഖബറടി മുസ്‌ലിംപള്ളി വകവസ്തുവും പള്ളിയുടെ നല്ലൊരു ഭാഗവും കൂടുതലായി ഏറ്റെടുത്തതായാണ് തഹസില്‍ദാ ര്‍ക്കെതിരെയുള്ള ആക്ഷേപം. സര്‍ക്കാര്‍ നയം കാറ്റില്‍ പറത്തിയാണ് ഈ നടപടിയെന്നും ആക്ഷേപമുണ്ട്. കിട്ടാവുന്നിടത്തോളം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നയം നിലനില്‍ക്കെ കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള അലൈന്‍മെന്റില്‍ ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കലക്ടറുടെ റിപോര്‍ട്ടില്‍ പറയുന്നത്.
ദേശീയപാത നാലുവരിപ്പാതയാക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ആഴ്ചകള്‍ക്കു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്തുമന്ത്രി ജി സുധാകരനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 45 മീറ്റര്‍ വീതി നിലനിര്‍ത്തണമെന്ന നിര്‍ദേശവുമുണ്ടായിരിക്കെയാണ് മറ്റ് വികസന പ്രവര്‍ത്തനത്തിനുള്ള സ്ഥലമെടുപ്പു പോലെ ഇതും വിവാദമായിരിക്കുന്നത്.
സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി അലൈന്‍മെന്റില്‍ വേണ്ടാത്ത വളവും തിരിവും വരുത്തിയതിന് ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തനിനിറം വെളിച്ചത്തുകൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ശനിയാഴ്ച ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ജില്ലാ വികസന യോഗത്തില്‍ പങ്കെടുക്കവേ വര്‍ക്കല എംഎല്‍എ എ വി ജോയി സ്ഥലമെടുപ്പുകാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായ നടപടികള്‍ കൈക്കൊള്ളുന്നതായി അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ അലൈന്‍മെന്റ് സംബന്ധിച്ച നടപടികള്‍ അവസാനത്തേതല്ല എന്ന നിലപാടാണ് നാഷനല്‍ അതോറിറ്റി ഓഫ് ഇന്ത്യ കൈക്കൊണ്ടിരിക്കുന്നതായി അറിയുന്നത്. വിശദമായ പ്രോജക്ട് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചതായാണ് നാഷനല്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്സിന്റെ നിര്‍ദേശക തത്ത്വങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും സ്ഥലമെടുപ്പ്.
ഓരോ സ്ഥലമെടുപ്പിലും വിവാദങ്ങള്‍ സ്വാഭാവികമാണെന്നും എന്‍എച്ച്എഐ അധികൃതര്‍ പറഞ്ഞു. ദേശീയപാത വികസനത്തിനുള്ള നിര്‍ദേശം മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതോടെ കലക്ടര്‍ കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ദേശീയപാതയിലെ അലൈന്‍മെന്റ് നോക്കിക്കണ്ടിരുന്നു.
പിന്നീടാണ് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്ന തോന്നയ്ക്കലിലെ അലെന്‍മെന്റ് അശാസ്ത്രീയമാണെന്ന പരാതിയും നിലവിലുണ്ട്. ഇപ്പോഴത്തെ അലൈന്‍മെന്റില്‍ റോഡ് നിര്‍മിച്ചാല്‍ ആശാന്‍ സ്മാരകത്തിന്റെ ഒരു ഏക്കറോളം ഭൂമി നഷ്ടമാവുമെന്നാണ് പറയുന്നത്. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനു പരാതി നല്‍കി കാത്തിരിക്കുകയാണ് കുമാരനാശാന്‍ സ്മാരക ട്രസ്റ്റ് ഭാരവാഹികള്‍.
Next Story

RELATED STORIES

Share it