ദേശീയപാതാ വികസനം: കുഞ്ഞാലിക്കുട്ടിയും അബ്ദുറബ്ബും തമ്മില്‍ വാക്കേറ്റം

തിരൂരങ്ങാടി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് രണ്ടു തട്ടിലായ പി കെ കുഞ്ഞാലിക്കുട്ടി എംപിയും പി കെ അബ്ദുറബ്ബ് എംഎല്‍എയും തമ്മില്‍ പരസ്യ വാഗ്വാദം. ഇന്നലെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും ലീഗ് നേതാക്കളും പങ്കെടുത്ത യോഗത്തിലാണു മുതിര്‍ന്ന ലീഗ് നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ത്തത്. കെ എന്‍ എ ഖാദര്‍ എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു ചേരിതിരിഞ്ഞു വാക്‌പോര്.
ജലനിധി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വാക്കിക്കയം തടയണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചാ യോഗത്തിലാണു സംഭവം.  പെരുമണ്ണ ക്ലാരി, തെന്നല, ഒഴുര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുടിവെള്ള പദ്ധതിയാണിത്. പദ്ധതിയുടെ തറക്കല്ലിടല്‍ വേങ്ങരയിലാണു  നടന്നത്. അതിനാല്‍ ഉദ്ഘാടനം തിരൂരങ്ങാടിയില്‍ നടത്താന്‍ ധാരണയായിരുന്നു. അടുത്ത 14നു പരിപാടിക്കു മന്ത്രിയുടെ അനുമതി കിട്ടിയതുമാണ്. എന്നാല്‍ തിരൂരങ്ങാടിക്കാര്‍ പദ്ധതിക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും വേങ്ങരയില്‍ തന്നെ ഉദ്ഘാടനം നടത്തണമെന്നും യോഗാധ്യക്ഷനായ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലന്‍കുട്ടി ആവശ്യപ്പെട്ടു. അബ്ദുറബ്ബ് ഇതിനെ എതിര്‍ത്തു. ഇതോടെ ക്ഷുഭിതനായ കുഞ്ഞാലിക്കുട്ടി അബ്ദുറബ്ബിനോട് കയര്‍ക്കുകയായിരുന്നു.
തിരുവനന്തപുരത്തു നടന്ന ദേശീയപാതാ അലൈന്‍മെന്റ് യോഗത്തില്‍ തുടങ്ങിയതാണു തന്നെ എതിര്‍ക്കലെന്നു പറഞ്ഞാണു കുഞ്ഞാലിക്കുട്ടി ക്ഷോഭിച്ചത്. അബ്ദുറബ്ബ് സമരക്കാര്‍ക്ക് അനുകൂലമായ നിലപാടാണു സ്വീകരിച്ചിരുന്നത്. കുഞ്ഞാലിക്കുട്ടി അലൈന്‍മെന്റിന് അനുകൂലമായാണു സംസാരിച്ചിരുന്നത്. തനിക്കു ഭൂമി നഷ്ടപ്പെടുന്നില്ലെന്നും തിരൂരങ്ങാടിക്കാരുടെ വികാരമാണു താന്‍ പറയുന്നതെന്നും പറഞ്ഞ് അബ്ദുറബ്ബ് തിരിച്ചടിച്ചു. ഇതോടെയാണു നേതാക്കളുടെ വാക്പയറ്റിന് യോഗം വേദിയായത്. മുതിര്‍ന്ന ലീഗ് നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടിയത് അണികളെ അമ്പരപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it