Flash News

ദേശീയപാതാ വികസനം:പ്രതിഷേധം ഫലം കണ്ടു;അലൈന്‍മെന്റില്‍ മാറ്റംവരുത്തുന്ന കാര്യം പരിശോധിക്കും

ദേശീയപാതാ വികസനം:പ്രതിഷേധം ഫലം കണ്ടു;അലൈന്‍മെന്റില്‍ മാറ്റംവരുത്തുന്ന കാര്യം പരിശോധിക്കും
X
മലപ്പുറം: ദേശീയ പാതാ വികസനത്തിനെതിരെ മലപ്പുറത്ത് നാട്ടുകാര്‍ നടത്തുന്ന പ്രതിഷേധം ഫലം കണ്ടു. തര്‍ക്കബാധിത പ്രദേശങ്ങളില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നകാര്യം പരിശോധിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള ദേശീയ പാതാ അലൈന്‍മെന്റില്‍ 2013ലേയും 2017ലേയും അലൈന്‍മെന്റുകള്‍ തമ്മില്‍ ഒത്തുനോക്കി തര്‍ക്കബാധിത പ്രദേശങ്ങളില്‍ ഇവയില്‍ ഏതാണോ അഭികാമ്യം അത് സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.മന്ത്രിമാരായ ജി സുധാകരന്‍, കെ ടി ജലീല്‍, എം പി പി കെ കുഞ്ഞാലിക്കുട്ടി, പ്രശ്‌ന ബാധിത മേഖലകളെ പ്രതിനിധീകരിക്കുന്ന എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.



അതോടൊപ്പം, വീടും സ്ഥലവും സ്ഥാപനങ്ങളും നഷ്ടമാവുന്നവര്‍ക്ക് ഇരട്ടി നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ദേശീയപാത അതോറിറ്റിയില്‍ നിന്നുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു പുറമെ സംസ്ഥാന സര്‍ക്കാരും നഷ്ടപരിഹാരം നല്‍കും.തര്‍ക്കബാധിത പ്രദേശങ്ങളിലെ അലൈന്‍മെന്റില്‍ മാത്രമേ മാറ്റം വരുത്തുകയുള്ളൂ. മറ്റിടങ്ങളില്‍ സര്‍വേ നടപടികള്‍ തുടരും.എന്നാല്‍, ദേശീയപാതാ വികസനത്തിനെതിരെ നടത്തുന്ന സമരം അവസാനിപ്പിക്കണോ തുടരണോ എന്ന കാര്യം ഇന്ന് വൈകിട്ട് ആറിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്ന് സമരസമിതി നേതാവ് ജാവേദ് പറഞ്ഞു.
കഴിഞ്ഞദിവസം സര്‍വേക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തുകയും വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മലപ്പുറം എആര്‍ നഗറില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. മലപ്പുറത്തെ വലിയപറമ്പ്, അരീത്തോട്, എആര്‍ നഗര്‍, വെളിമുക്ക്, സ്വാഗതമാട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് പുതിയ അലൈന്‍മെന്റ് പ്രകാരം നഷ്ടം വരുന്നത്.
Next Story

RELATED STORIES

Share it