palakkad local

ദേശീയപാതയില്‍ സിഗ്നലുകള്‍ സ്ഥാപിക്കാന്‍ 60 ലക്ഷം

പാലക്കാട്: ജില്ലയിലെ പ്രധാനപ്പെട്ട ദേശീയപാതാ കേന്ദ്രങ്ങളില്‍ രണ്ടാഴ്ചക്കകം ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുമെന്ന് നാഷനല്‍ ഹൈവേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാഷനല്‍ ഹൈവേയുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ ചര്‍ച്ച ചെയ്യുന്നതിന് എം ബി രാജേഷ് എംപി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച കാര്യങ്ങല്‍ ഉദ്യോസ്ഥര്‍ അറിയിച്ചത്. പദ്ധതിക്കു പ്രാഥമികമായി 60 ലക്ഷം രൂപ വിനിയോഗിക്കും. ആദ്യഘട്ടമായി കഞ്ചിക്കോട്, കാഴ്ചപറമ്പ്, കണ്ണന്നൂര്‍, കുഴല്‍മന്ദം, ആലത്തൂര്‍ സ്വാതി ജങ്ഷനുകളിലാണ് സിഗ്നല്‍ സ്ഥാപിക്കുക.
രണ്ടാംഘട്ടമായി കഞ്ചിക്കോട് വൈസ് പാര്‍ക്ക്, ചന്ദ്രനഗര്‍, പുതുശ്ശേരി, കഞ്ചിക്കോട്, ഇരട്ടക്കുളം എന്നിവിടങ്ങളിലും സിഗ്നലുകള്‍ സ്ഥാപിക്കും. ദേശീയപതായോട് ബന്ധപ്പെട്ട അനുബന്ധ റോഡുകളുടെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് സ്ഥലം വിട്ടു നല്‍കുന്നതിലുള്ള കാലതാമസമാണെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. നേരത്തേ ആവശ്യപ്പെട്ടതനുസരിച്ച് പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ കഞ്ചിക്കോട് സ്‌ക്കൂളിന് മുന്‍വശത്തുള്ള കാല്‍നട മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.
പുതുശ്ശേരി വരെയുള്ള സര്‍വ്വീസ് റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയായി വരികയാണ്. ചെറുതും വലുതുമായ നിരവധി പരാതികള്‍ പരിഹരിച്ചതായും കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ഉയര്‍ന്നുവന്നിട്ടുള്ള വിവിധ പരാതികള്‍ പരിഹരിക്കുന്നതിന് കൂടുതലായി തുക വകയിരുത്തേണ്ടതുണ്ട്.
ഇതിനായി ആകെ 183.76 കോടി രൂപയുടെ എസ്റ്റിമേറ്റ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതം പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്നും അപകട സാധ്യത ഇല്ലാതാക്കാനാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കണമെന്നും എംപി യോഗത്തില്‍ ആവശ്യപ്പെട്ടു. എല്ലാ സ്‌ക്കൂളുകളുടെ മുന്നിലും ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണം. അടുത്ത മഴക്കാലത്തിനു മുമ്പ് തന്നെ ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കണമെന്നും എംപി യോഗത്തില്‍ ആവശ്യപ്പെട്ടു.
ഓരോ പ്രദേശത്തെയും വിവിധ വിഷയങ്ങള്‍ അതാത് പ്രദേശത്തെ തദ്ദേശ ഭരണസ്ഥാപന പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിക്കുകയുണ്ടായി. സ്ഥല നാമ സൂചകങ്ങളും ഗതാഗത ചിഹ്നങ്ങളും വ്യക്തമായി കാണത്തക്കവിധം സ്ഥാപിക്കണമെന്നും പാതയോരങ്ങളിലെ അനധികൃത വാഹന പാര്‍ക്കിങ്ങ് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശാന്തകുമാരി, ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ വകുപ്പു മേധാവികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it