thrissur local

ദേശീയപാതയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു

ചാലക്കുടി: ദേശീയപാതയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു. ദേശീയപാതയില്‍ പോട്ട മുതല്‍ ചിറങ്ങര വരെയുള്ള ഭാഗത്താണ് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നാലുപേരുടെ ജീവനുകളാണന് ഇവിടെ പൊലിഞ്ഞത്.
ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടങ്ങളില്‍പെടുന്നത്. നഗരസഭ സിഗ്നലിന് സമീപം ടാങ്കര്‍ ലോറി കയറിയിറങ്ങി ദമ്പതികള്‍ മരിച്ചത് കഴിഞ്ഞാഴ്ചയാണ്. തൊട്ടടുത്ത ദിവസം മുരിങ്ങൂര്‍ ഡിവൈന് സമീപം സര്‍വ്വീസ് റോഡില്‍ നിന്നും ചാലക്കുടി ഭാഗത്തേക്ക് ദേശീയപാതയില്‍ കയറുന്നതിനിടെ ലോറി ഇടിച്ച് തെറിപ്പിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതിയും മരിച്ചു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കോട്ടമുറിയില്‍ നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്ന ചാലക്കുടിയിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്റെ ജീവനാണ് പൊലിഞ്ഞത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ പിക്കപ് വാനിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ എണ്ണം ഇതിന്റെ പതിന്‍മടങ്ങാണ്. ദേശീയപാതയിലൂടെ ചീറിപാഞ്ഞ് പോകുന്ന വാഹനങ്ങളാണ പലപ്പോഴും വഴിയാത്രക്കാരേയും ഇരുചക്രവാഹനങ്ങളേയും ഇടിച്ച് വിഴ്ത്തുന്നത്. അമിത വേഗത നിയന്ത്രിക്കാന്‍ ഹൈവേ പോലിസും ശ്രദ്ധചെലുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ക്യാമറകല്‍ക്ക് സമീപമെത്തുമ്പോള്‍ മാത്രം വേഗത നിയന്ത്രിച്ച് പിന്നീട് വേഗത കൂട്ടിപായുകയാണ് ഇവിടത്തെ പതിവ്.
കഴിഞ്ഞ ദിവസം ശബരിമല തീര്‍ത്ഥാടനത്തിന് കാല്‍നടയായി പോവുകയായിരുന്ന സംഘത്തിലെ രണ്ടുപേരെ ദേശീയപാതയില്‍ ഇടിച്ചുവീഴ്ത്തി. അധികൃതര്‍ ഇനിയും കണ്ണ് തുറന്നില്ലെങ്കില്‍ ചാലക്കുടി മേഖലയിലെ ദേശീയപാത കുരുതികളമാവും.
Next Story

RELATED STORIES

Share it