malappuram local

ദേശീയപാതയില്‍ ഡിവൈഡറുകളും കാമറകളും സ്ഥാപിക്കണമെന്ന്

തിരൂരങ്ങാടി:  തിരൂരങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയിലെ ദേശീയപാത കക്കാട് മുതല്‍ കാച്ചടി വരെ ഡിവൈഡറുകളും കാമറകളും സ്ഥാപിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് വികസന സമിതി യോഗം ദേശീയപാത സുരക്ഷ അതോറിറ്റിയോട് ആവശ്യപ്പെട്ടു.
ഈ പ്രദേശത്ത്  അപകടം പതിവായ സാഹചര്യത്തിലാണ് ശക്തമായ ആവശ്യമുയര്‍ന്നത്. റോഡിലെ വളവുകള്‍ക്കും ചെരിവുകള്‍ക്കും പുറമെ വാഹനങ്ങളുടെ അമിത വേഗതയും  അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. കഴിഞ്ഞ ദിവസം അമിത വേഗതയില്‍ വന്ന ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് റോഡില്‍ ജീവന്‍ പോലിയുന്നത് ഒഴിവാക്കാന്‍ വലിയ ജാഗ്രത വേണമെന്നും യോഗം നിര്‍ദേശിച്ചു. കുണ്ടൂര്‍തോട് നവീകരണത്തിനുള്ള സര്‍വെ പൂര്‍ത്തിയാക്കുന്നതിന് ജനകീയമായി യോഗം വിളിച്ച് കൂട്ടായ്മ രൂപീകരിക്കും. വേനല്‍ കടുക്കുന്നതോടെ കുടിവെള്ള ക്ഷാമം നേരിടുന്നതിന് നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും, മോഷണങ്ങള്‍ കുറക്കാന്‍ രാത്രികാല പട്രോളിങ് ശക്തമാക്കാന്‍ പോലിസിനും യോഗം നിര്‍ദേശം നല്‍കി. പാറയില്‍ ഭാഗത്ത് തടയണ നിര്‍മിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണമെന്നും പരീക്ഷകളുടെ പശ്ചാതലത്തില്‍ ഉച്ചഭാഷിണി പൂര്‍ണമായും നിയന്ത്രിക്കണമെന്നും അനധികൃതമായി പഞ്ചായത്തംഗങ്ങള്‍ സ്ഥാപിക്കുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
സ്‌കൂള്‍ ബസ്സുകളില്‍ വിദ്യാര്‍ഥികളെ കുത്തി നിറക്കുന്നത് ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും  അമിത വേഗതയിലോടുന്ന ബസ്സുകള്‍ക്കും മറ്റുവാഹനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പിന് യോഗം നിര്‍ദേശം നല്‍കി. യോഗത്തില്‍ കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ തഹസില്‍ദാര്‍ ലത, സി അബൂബക്കര്‍ ഹാജി, കെ പി കെ തങ്ങള്‍, കെ കെ നഹ, എം മുഹമ്മദ് കുട്ടി മുന്‍ഷി, വി പി കുഞ്ഞാമു എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it